ഒൻ്റാരിയോയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

By: 600110 On: Jun 21, 2025, 12:58 PM

 

ഒൻ്റാരിയോയിൽ നിന്ന് കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹാമിൽട്ടനിൽ നിന്ന് കാണാതായി പത്ത് ദിവസത്തിന് ശേഷമാണ് സാഹിൽ കുമാറിനെ ടൊറൻ്റോയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
22 വയസ്സുള്ള സാഹിൽ കുമാർ ഏപ്രിലിൽ വടക്കേ ഇന്ത്യയിലെ ബിവാനി ജില്ലയിൽ നിന്നാണ് പഠനത്തിനായി കാനഡയിലെത്തിയത്.  

ഒൻ്റാരിയോയിലെ ഹാമിൽട്ടണിൽ ആണ് സാഹിൽ കുമാർ  താമസിച്ചിരുന്നത്.  ഹംബർ കോളേജിൻ്റെ ഡൗണ്ടൗൺ ടൊറൻ്റോ കാമ്പസിൽ ഒരു വർഷത്തെ വെബ് ഡിസൈൻ പ്രോഗ്രാം വിദ്യാർത്ഥിയായിരുന്നു. സാഹിലിൻ്റെ മരണകാരണം വ്യക്തമല്ല. മെയ് 16ന് സാഹിൽ കുമാർ ടൊറൻ്റോയിലേക്ക് ട്രെയിനിൽ പോയി  യൂണിയൻ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു.  പിന്നീട് യോർക്ക് സ്ട്രീറ്റിലേക്ക് നടന്നു.  ഉച്ചയ്ക്ക് 1 മണിയോടെ യോങ്, ഡണ്ടാസ് തെരുവുകൾക്ക് സമീപം സാഹിലിനെ കണ്ടതായി പോലീസ് പറഞ്ഞു. പിന്നീട് സംഭവിച്ചത് എന്താണെന്ന് വ്യക്തമല്ല. ഹാമിൽട്ടൺ പോലീസാണ് ആദ്യം കേസ് കൈകാര്യം ചെയ്തത്.  സാഹിൽ അപ്രത്യക്ഷനാകുന്നതിന് മുമ്പ് ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായി സൂചനയൊന്നുമില്ല എന്ന് പൊലീസ് പറയുന്നു.  ടൊറൻ്റോ കടൽത്തീരം സന്ദർശിക്കാൻ അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നിരിക്കാം എന്നാണ് സാഹിലിൻ്റ  ഇൻ്റർനെറ്റ് ഉപയോഗങ്ങൾ പരിശോധിച്ചപ്പോൾ മനസിലാക്കുന്നത് എന്നും പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ടൊറൻ്റോ പോലീസാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.   അന്വേഷണം പുരോഗമിക്കുകയാണെന്നും മരണം കൊലപാതകമാണെന്ന് കരുതുന്നില്ലെന്നും  പോലീസ് പറഞ്ഞു