കനേഡിയൻ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായുള്ള നടപടികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

By: 600110 On: Jun 21, 2025, 12:25 PM

 

യുഎസ് താരിഫുകളുടെ ആഘാതങ്ങളിൽ നിന്ന് കനേഡിയൻ സ്റ്റീൽ, അലുമിനിയം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായുള്ള  നടപടികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. ഇതിൻ്റെ ഭാഗമായി ആൻ്റി ഡംപിങ് ക്വാട്ട ഏർപ്പെടുത്താൻ തീരുമാനമായി. വിലകുറഞ്ഞ വിദേശ സ്റ്റീൽ, അലുമിനിയം ഉല്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുക. എന്നിവയുടെ എത്ര ശതമാനം രാജ്യത്തേക്ക് കയറ്റാമെന്ന് കാനഡ പരിമിതപ്പെടുത്തും. കൂടാതെ പൊതു പദ്ധതികൾക്കുള്ള വസ്തുക്കൾ വാങ്ങുന്നതിനുള്ള നിയമങ്ങളിൽ മാറ്റം വരുത്തുമെന്നും പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. കനേഡിയൻ നിർമ്മിത സ്റ്റീലിനും അലൂമിനിയത്തിനുമായിരിക്കും ആദ്യ പരിഗണന നല്കുക. ഇതിനും പുറമെ കാനഡയുമായി വ്യാപാര കരാറുകളുള്ള വിശ്വസനീയ രാജ്യങ്ങളിൽ നിന്നുള്ള ഉല്പന്നങ്ങൾ മാത്രമേ അനുവദിക്കൂ. ജൂൺ 30 മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും.

ആഭ്യന്തര വസ്തുക്കൾക്ക് മുൻഗണന നൽകുന്നതിന് വാഹന വ്യവസായത്തിനും മറ്റ് വിതരണ ശൃംഖലകൾക്കും അവസരം നൽകുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കും. സ്വതന്ത്ര വ്യാപാര കരാറില്ലാത്ത പങ്കാളികളിൽ നിന്നുള്ള ഉരുക്ക് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആഭ്യന്തര മേഖലയെ സംരക്ഷിക്കുന്നതിനായി വ്യവസായ, യൂണിയൻ നേതാക്കളിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നാണ് ഡംപിംഗ് വിരുദ്ധ നടപടികൾ.  യു എസ് തീരുവകൾ കാനഡയെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല, പക്ഷേ അവ തീർച്ചയായും രാജ്യത്തെ സ്റ്റീൽ വ്യവസായങ്ങളെയും തൊഴിലാളികളെയും ബാധിക്കുന്നു എന്നും വ്യവസായങ്ങളെ സംരക്ഷിച്ചില്ലെങ്കിൽ മറ്റ് രാജ്യങ്ങളിൽ നിന്നും, കാനഡയിലേക്ക് ഉരുക്ക് വരാൻ തുടങ്ങും എന്നു കാർണി വ്യക്തമാക്കി. അന്യായമായ വ്യാപാര രീതികളിൽ നിന്നും  കനേഡിയൻ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി വരും ആഴ്ചകളിൽ പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന് കാർണി പറഞ്ഞു. സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കായി രണ്ട് പ്രത്യേക ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിക്കുമെന്നും കാർണി പ്രഖ്യാപിച്ചു, അവർ സ്ഥിതിഗതികൾ നിരീക്ഷിച്ച് സർക്കാറിനെ അറിയിക്കും.