വേനൽക്കാലത്തേക്ക് സഭ പിരിയുന്നതിനു മുൻപായി ആഭ്യന്തര വ്യാപാരവുമായി ബന്ധപ്പെട്ട സുപ്രധാന ബിൽ പാസ്സാക്കി ലിബറൽ സർക്കാർ. വൺ കനേഡിയൻ ഇക്കണോമി ആക്ട് എന്നറിയപ്പെടുന്ന ബിൽ സി-5 ന് എംപിമാർ അനുകൂലമായി വോട്ട് ചെയ്തു. ബിൽ പാസ്സാക്കിയത് പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നയപരമായ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.
ആഭ്യന്തര വ്യാപാര തടസ്സങ്ങൾ പരിഹരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബിൽ സി-5ൻ്റെയും പ്രധാന പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിന് സർക്കാരിന് പുതിയ അധികാരങ്ങൾ നൽകുന്ന രണ്ടാമത്തെ ഭാഗത്തിനുമായി സഭ വെവ്വേറെ വോട്ടെടുപ്പ് നടത്തി. ആഭ്യന്തര വ്യാപാര തടസ്സങ്ങൾ എന്ന ഭാഗം ഏറെക്കുറെ ഏകകണ്ഠമായാണ് പാസായത്. ഗ്രീൻ പാർട്ടി നേതാവ് എലിസബത്ത് മേ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. കൂടുതൽ വിവാദപരമായ പ്രധാന പദ്ധതികളുടെ ഭാഗം പാസ്സാക്കിയെടുക്കാൻ കൺസർവേറ്റീവുകളുടെ പിന്തുണയാണ് ലിബറൽ സർക്കാരിന് സഹായകമായത്. മറ്റെല്ലാ പ്രതിപക്ഷ പാർട്ടികളും ഇതിനെ എതിർത്ത് വോട്ട് ചെയ്തപ്പോൾ കൺസർവേറ്റീവുകൾ അനുകൂലിച്ചു. രണ്ടാമത്തെ വോട്ടെടുപ്പിന് ശേഷം, പ്രതിപക്ഷ നേതാവ് ആൻഡ്രൂ സ്‌കീറിനും കൺസർവേറ്റീവ് ഡെപ്യൂട്ടി ലീഡർ മെലിസ ലാൻ്റ്സ്മാനെയും കാർണി ഹസ്തദാനം ചെയ്തതും ശ്രദ്ധേയമായി. അംഗീകാരം ലഭിച്ച പദ്ധതികളുമായി മുന്നോട്ട് പോകുന്നതിന് ജനങ്ങളുൾപ്പെടെയുള്ളവരുടെ സമ്മതവും ഐക്യവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. നെഗറ്റീവായിട്ടല്ല, പോസിറ്റീവായിട്ടാണു രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.