മൂന്നാഴ്ചയ്ക്കുള്ളില്‍ 32,000 അമിതവേഗതയുള്ള വാഹനങ്ങള്‍ സ്പീഡ്ക്യാമറകളില്‍ കുടുങ്ങി; പിഴ ഈടാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് വോണ്‍ സിറ്റി 

By: 600002 On: Jun 21, 2025, 10:06 AM

 


മൂന്നാഴ്ചയ്ക്കുള്ളില്‍ അമിതവേഗതയുള്ള വാഹനങ്ങള്‍ക്ക് 32,000 ത്തിലധികം പിഴ ചുമത്തിയതിനെ തുടര്‍ന്ന് സ്പീഡ് ക്യാമറകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ച് ഒന്റാരിയോയിലെ വോണ്‍ സിറ്റി. ക്യാമറകളെക്കുറിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സൈനേജുകള്‍ മെച്ചപ്പെടുത്തുന്നത് വരെ പിഴ ചുമത്തുന്നത് താല്‍ക്കാലികമായി നിര്‍ത്താന്‍ വോണ്‍ സിറ്റി മേയര്‍ സ്റ്റീവന്‍ ഡെല്‍ ഡ്യൂക്ക പ്രമേയം മുന്നോട്ടുവെച്ചു. 

താല്‍ക്കാലിക നിര്‍ത്തലാക്കല്‍ 2025 സെപ്റ്റംബര്‍ വരെ പ്രാബല്യത്തില്‍ വരും. പ്രമേയത്തിന് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. നിര്‍ത്തലാക്കിയെങ്കിലും ക്യാമറകള്‍ പ്രവര്‍ത്തനം തുടരും. പക്ഷേ, പിഴ ഈടാക്കുന്നതിന് പകരം, സിറ്റി മുന്നറിയിപ്പുകള്‍ നല്‍കും. 

വോണ്‍ നിവാസികളില്‍ നിന്നുള്ള നിരവധി പരാതികള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്ന് ഡെല്‍ ഡുക്ക പറഞ്ഞു. പ്രോഗ്രാം നടപ്പിലാക്കിയ രീതിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകള്‍ വ്യക്തമായി തങ്ങള്‍ കേട്ടുവെന്നും ഇന്‍സ്റ്റഗ്രാം പേജില്‍ ഡെല്‍ ഡുക്ക വ്യക്തമാക്കി.