ബാന്‍ഫ് നാഷണല്‍ പാര്‍ക്കില്‍ ബോ ഗ്ലേസിയര്‍ ഫാള്‍സില്‍ പാറയിടിഞ്ഞുവീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഐസ്ഫീല്‍ഡ്‌സ് പാര്‍ക്ക് വേയിലെ ലേക്ക് ലൂയിസില്‍ നിന്ന് ഏകദേശം 37 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. രാത്രി മുഴുവന്‍ നീണ്ടുനിന്ന തിരിച്ചിലിന് ശേഷം അവശിഷ്ടങ്ങള്‍ക്കിടയില്‍ മറ്റാരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയതായും അതിനാല്‍ തിരച്ചില്‍ അവസാനിപ്പിക്കുന്നതായും പാര്‍ക്ക്‌സ് കാനഡ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വ്യാഴാഴ്ച 70 വയസ് പ്രായം തോന്നിക്കുന്ന കാല്‍ഗറി സ്വദേശിനിയുടെ മൃതദേഹം സംഭവ സ്ഥലത്ത് കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തിരിച്ചലില്‍ രണ്ടാമത്തെ മൃതദേഹം കണ്ടെടുത്തതായി ആര്‍സിഎംപി പറഞ്ഞു. മൂന്ന് പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
കാല്‍ഗറിയില്‍ താമസിക്കുന്ന ജൂട്ട ഹിന്റിച്ച്‌സ് ആണ് മരിച്ച ഒരു വ്യക്തിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റായിരുന്നു അവര്‍. മരിച്ച രണ്ടാമത്തെയാളുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.