ആപ്പിള്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് ഉപയോക്താക്കളെ ബാധിക്കുന്ന 16 ബില്യണ്‍ പാസ്‌വേഡുകളുടെ വന്‍ ചോര്‍ച്ച നടന്നതായി സൈബര്‍ സുരക്ഷാ വിദഗ്ധര്‍ 

By: 600002 On: Jun 21, 2025, 8:08 AM

 


ഫെയ്‌സ്ബുക്ക്, ഗൂഗിള്‍, ആപ്പിള്‍ ഉപയോക്താക്കളെ ബാധിക്കുന്ന തരത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരചോര്‍ച്ച സംഭവിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തല്‍. 16 ബില്യണ്‍ പാസ്‌വേഡുകള്‍ അടങ്ങുന്ന ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഗവേഷകര്‍ കണ്ടെത്തി. ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍ അടങ്ങുന്ന അജ്ഞാത ഡാറ്റാബേസ് കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

2025 തുടക്കം മുതല്‍ വിവരച്ചോര്‍ച്ച അന്വേഷിക്കുന്ന ഗവേഷകര്‍ 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡാറ്റാ സൈറ്റുകളാണ് കണ്ടെത്തിയത്. കോടിക്കണക്കിന് പാസ്‌വേഡുകള്‍ ഉള്‍പ്പെടെയുള്ള ലോഗിന്‍ വിവരങ്ങളാണിവ. ഇത് വെറുമൊരു വിവരച്ചോര്‍ച്ചയല്ലെന്നും, വലിയ രീതിയില്‍ ചൂഷണം നടത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും ഗവേഷകര്‍ പറയുന്നു. 

ഒന്നിലധികം ഇന്‍ഫോസ്റ്റീലര്‍മാരാണ് ഈ വിവരച്ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫിഷിംഗ് ആക്രമണങ്ങള്‍, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യല്‍, വാണിജ്യ സ്ഥാപനങ്ങളുടെ ഇമെയിലുകള്‍ കയ്യടക്കല്‍ തുടങ്ങിയ ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനാകും. ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍, ടെലഗ്രാം, ആപ്പിള്‍, ഗിറ്റ്ഹബ്ബ്, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് തുറന്നിട്ട വാതിലുകളാണിവയെന്ന് ഗവേഷകര്‍ പറയുന്നു. വെബ്‌സൈറ്റുകളുടെ യുആര്‍എലുകളും അവയുടെ ലോഗിന്‍ വിവരങ്ങളും അവയുടെ പാസ്‌വേഡുകളും ഡാറ്റാബേസിലുണ്ട്. 

പാസ്‌വേഡുകള്‍ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 1600 കോടി ഡാറ്റബേസില്‍ ഭൂരിഭാഗവും വ്യാപകമായി ഉപയോഗിക്കുന്ന സേവനങ്ങളിലേക്കുള്ള പാസ്‌വേഡുകളാണെന്നത് അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ വെളിവാക്കുന്നതാണെന്ന് കീപ്പര്‍ സെക്യൂരിറ്റി സഹസ്ഥാപകനും മേധാവിയുമായ ഡാരെന്‍ ഗുചിയോണ്‍ പറഞ്ഞു.