യൂറോപ്യൻ യൂണിയനോട് നയം വ്യക്തമാക്കി ഇറാൻ: 'ചർച്ചയ്ക്ക് തയ്യാറാകാം, പക്ഷെ ആദ്യം ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണം'

By: 600007 On: Jun 21, 2025, 4:07 AM

 

ടെഹ്റാൻ: ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

സമാധാനപരമായ ആവശ്യങ്ങൾക്കാണ് ഇറാന്റെ ആണവപദ്ധതിയെന്നും അതിന്മേലുള്ള ആക്രമണം രാജ്യാന്തര നിയമങ്ങൾക്ക് എതിരാണെന്നും ഇറാൻ പറഞ്ഞു. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണ് എന്നതാണ് ഇറാന്‍റെ നിലപാട്. അതേസമയം ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേലിന് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി അന്താരാഷ്ട്ര ആണവോർജ ഏജൻസി രംഗത്തെത്തി.ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് വൻ സുരക്ഷാ വീഴ്‌ചയാണെന്നും ഇനി ആവർത്തിക്കരുതെന്നുമാണ് ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയത്.