ഇറാൻ-യൂറോപ്യൻ യൂണിയൻ ചർച്ച കൊണ്ട് കാര്യമില്ലെന്ന് ട്രംപ്; 'ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ ബുദ്ധിമുട്ടുണ്ട്'

By: 600007 On: Jun 21, 2025, 3:14 AM

 

 

ന്യൂയോർക്ക്: ഇറാനും യൂറോപ്യൻ യൂണിയനുമായുള്ള ചർച്ച ഗുണം ചെയ്യില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായുള്ള ചർച്ചയ്ക്കാണ് ഇറാന് താത്പര്യം. ഇസ്രയേലിനോട് ആക്രമണം നിർത്താൻ പറയാൻ യുഎസിന് ബുദ്ധിമുട്ടുണ്ട്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന ഇന്‍റലിജൻസ് റിപ്പോർട്ട് ട്രംപ് തള്ളുകയും ചെയ്തു.

പ്രശ്ന പരിഹാരം അകലെയെന്നാണ് ട്രംപിൻ്റെ വാക്കുകൾ നൽകുന്ന സൂചന. ഇസ്രയേൽ ആക്രമണം നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന നിലപാടിലാണ് ഇറാൻ. യൂറോപ്യൻ രാജ്യങ്ങളിലെ നേതാക്കളും നയതന്ത്രജ്ഞരും നടത്തിയ ചർച്ചയിലാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി നിലപാട് വ്യക്തമാക്കിയത്.

ഈ ചർച്ചയുടെ സാഹചര്യത്തിലാണ് അമേരിക്ക ഇടപെടാതെ പ്രശ്ന പരിഹാരം സാധ്യമല്ലെന്നും എന്നാൽ ഇസ്രയേലിനോട് വെടിനിർത്താൻ പറയാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് പറയുന്നത്. യുകെ, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്പിലെ നയതന്ത്രജ്ഞരുമാണ് ഇന്നലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇസ്രയേൽ ആക്രമണം തുടർന്നാൽ സ്വയംപ്രതിരോധമെന്ന അവകാശം ഇറാൻ നിർവഹിക്കുമെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും ഇറാൻ അറിയിച്ചിട്ടുണ്ട്.