ഇറാൻ ഇസ്രയേൽ സംഘർഷം: ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കും; ഡോണൾഡ് ട്രംപ്

By: 600007 On: Jun 20, 2025, 5:14 PM

 

 

 

വാഷിം​ഗ്ടൺ: ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് അറിയിച്ചു.

അതേ സമയം, അമേരിക്ക ഇസ്രയേലിനൊപ്പം സംഘർഷത്തിൽ പങ്കുചേരുന്നതിനെതിരെ നേരത്തെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സംഘർഷത്തിൽ പങ്കാളിയായാൽ പ്രദേശത്തെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം അഴിച്ച് വിടുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി റഷ്യ രംഗത്തെത്തി. റഷ്യൻ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ. 

അതേ സമയം ഇറാനുമായുളള യുദ്ധത്തില്‍ ഇടപെടണോ എന്ന തീരുമാനം എടുക്കേണ്ടത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയ്ക്ക് നല്ലത് എന്താണോ അത് ട്രംപ് ചെയ്യുമെന്നും യുഎസ് പ്രസിഡന്റിന് കാര്യങ്ങൾ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.