കാനഡയിൽ താങ്ങാനാവുന്ന വിലയ്ക്ക് വീടുകൾ ലഭ്യമാക്കണമെങ്കിൽ, അടുത്ത 10 വർഷത്തിനുള്ളിൽ 4.8 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കേണ്ടതുണ്ടെന്ന് കാനഡ മോർട്ഗേജ് ആൻ്റ് ഹൌസിങ് കോർപ്പറേഷൻ(CMHC) പറയുന്നു. അതായത് നിർമ്മാണത്തോത് ഇപ്പോഴുള്ളതിൻ്റെ ഇരട്ടിയാകേണ്ടതുണ്ട്. 4,30,000 മുതൽ 4,80,000 വരെ പുതിയ വീടുകളാണ് ഓരോ വർഷവും വേണ്ടതെന്ന് CMHCയുടെ റിപ്പോർട്ടിലുണ്ട്.
2019 ൽ അവസാനം വീടുകളുടെ വില ആളുകൾക്ക് താങ്ങാനാവുന്നതായിരുന്നു. ആ വില നിലവാരം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി അടുത്ത ദശകത്തിൽ 4.8 ദശലക്ഷം പുതിയ വീടുകൾ നിർമ്മിക്കേണ്ടിവരുമെന്നാണ് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷൻ വ്യക്തമാക്കിയത്. വീടുകളുടെ നിർമ്മാണത്തോത് ഇരട്ടിയാക്കാൻ കഴിയുമെന്ന് CMHC ഡെപ്യൂട്ടി ചീഫ് എക്കണോമിസ്റ്റ് അലെദബ് അയോവെർത്ത് പറഞ്ഞു. ഇതിനായി വലുതും ആധുനികവൽക്കരിച്ചതുമായ തൊഴിൽ ശക്തി, കൂടുതൽ സ്വകാര്യ നിക്ഷേപം, കുറഞ്ഞ നിയന്ത്രണം തുടങ്ങിയവ സാധ്യമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ മേഖലയും തിരിച്ചുള്ള കണക്കുകളും CMHC പുറത്ത് വിട്ടിട്ടുണ്ട്. ഇതനുസരിച്ച് ഏറ്റവുമധികം പുതിയ വീടുകളുടെ ആവശ്യകതയുള്ളത് ഒൻ്റാരിയോ, നോവ സ്കോഷ്യ മേഖലകളാണ്. വൻ നഗരങ്ങളിൽ മോണ്ട്രിയലിലാണ് വീടുകൾക്ക് ഏറ്റവുമധികം ക്ഷാമമുള്ളത്.