നോവ സ്കോഷ്യയിലെ പിക്റ്റൗ കൗണ്ടിയിൽ നിന്ന് കാണാതായ സഹോദരങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്ക്
1 ,50000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് നോവ സ്കോഷ്യ സർക്കാർ. മെയ് രണ്ടിനാണ് പിക്റ്റൗ കൗണ്ടിയിലെ വീട്ടിൽ നിന്ന് ആറ് വയസ്സുള്ള ലില്ലിയെയും നാല് വയസ്സുള്ള ജാക്ക് സള്ളിവനെയും കാണാനില്ലെന്ന് റിപ്പോർട്ട് ചെയ്തത്.
വീട്ടിന് ചുറ്റുമുള്ള കനത്ത വനപ്രദേശത്ത് ഉൾപ്പെടെ കുട്ടികൾക്കായി ആർസിഎംപിയും മറ്റ് സേനകളും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പിന്നാലെയാണ് സർക്കാർ കുട്ടികളെക്കുറിച്ച് വിവരം നൽകുന്നവർക്കായി പാരിതോഷികം പ്രഖ്യാപിച്ചത്. കുട്ടികളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് തലേദിവസം അവർ മാതാപിതാക്കൾക്കൊപ്പം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. പരിഹരിക്കപ്പെടാത്ത പ്രധാന കുറ്റകൃത്യങ്ങളിൽ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിക്കുന്ന വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു പരിപാടിയുടെ ഭാഗമായാണ് വ്യാഴാഴ്ച പ്രവിശ്യ പാരിതോഷികം പ്രഖ്യാപിച്ചത്. ഈ കേസ് റിവാർഡ് പ്രോഗ്രാമിൽ ചേർക്കാൻ ആർസിഎംപി ആവശ്യപ്പെട്ടതായി നീതിന്യായ മന്ത്രി ബെക്കി ഡ്രൂഹാൻ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അൻപതോളം പേരെ പൊലീസ് ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. കാണാതായ കുട്ടുകളുടെ രണ്ടാനച്ഛനെ അടക്കം നുണപരിശോധനയ്ക്കും വിധേയരാക്കി.