വിദ്യാർത്ഥി വിസകൾ പ്രോസസ്സ് ചെയ്യുന്നത് പുനരാരംഭിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ്

By: 600110 On: Jun 20, 2025, 3:48 PM

വിദ്യാർത്ഥി വിസകൾ പ്രോസസ്സ് ചെയ്യുന്നത് അമേരിക്ക പുനരാരംഭിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ബുധനാഴ്ച പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്.  കഴിഞ്ഞ മാസമാണ്, അമേരിക്കയിൽ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാർഥികളുടെ വിസ പ്രോസസ് ചെയ്യുന്നത് നിർത്തി വച്ചത്. പുതിയ ഡിജിറ്റൽ സുരക്ഷാ പരിശോധന സംവിധാനം തയ്യാറാക്കുന്നതിന് മുന്നോടിയായി വിസ ഇൻ്റർവ്യൂകൾ താത്കാലികമായി നിർത്തിവെക്കുകയാണെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും തുടങ്ങുന്നത്.

ഇനി മുതൽ യുഎസ് വിസ പ്രോസസ്സ് ചെയ്യുന്നതിന് വിദ്യാർഥികൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉദ്യോഗസ്ഥർക്ക് നിർബന്ധമായും കൈമാറണം എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. വിദ്യാർഥികളുടെ സോഷ്യൽ മീഡിയ പരിശോധിക്കുന്നതിലൂടെ ഓരോ വിദ്യാർഥിയെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് അധികാരികൾക്ക് ലഭിക്കും. അതിന് വേണ്ടിയാണ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂടി പരിശോധിക്കുന്നത്.  ഉദ്യോഗസ്ഥർക്ക് പുതിയ വിസ പരിശോധനകൾ നിർവഹിക്കാനുള്ള പരിശീലനവും നിർദ്ദേശങ്ങളും നൽകുന്നതിനും ഒപ്പം സോഷ്യൽ മീഡിയ പരിശോധിക്കുന്നതിനായി എ ഐ ടൂളുകൾ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന്  ട്രെയിനിങ് നൽകുന്നതിനും വേണ്ടിയാണ് വിസ പരിശോധനകൾ കുറച്ച് സമയത്തേക്ക് നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു. അമേരിക്കയ്‌ക്കോ,  സർക്കാരിനോ, സംസ്‌കാരത്തിനോ, സ്ഥാപനങ്ങൾക്കോ, സ്ഥാപക തത്വങ്ങൾക്കോ എതിരായി കണക്കാക്കാവുന്ന പോസ്റ്റുകളും സന്ദേശങ്ങളും കോൺസുലർ ഓഫീസർമാർ നിരീക്ഷിക്കുമെന്നും അറിയിച്ചിട്ടുണ്ട്.