പ്യുറോലേറ്റര്‍ വഴി അയച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നഷ്ടമായി; ഒന്റാരിയോ സ്വദേശിനിക്ക് ക്ഷമാപണമായി കൊറിയര്‍ സര്‍വീസ് വാഗ്ദാനം ചെയ്തത് 100 ഡോളറിന്റെ ഗിഫ്റ്റ്കാര്‍ഡ് 

By: 600002 On: Jun 20, 2025, 10:56 AM

 

 

പ്യൂറോലേറ്റര്‍ കൊറിയര്‍ സര്‍വീസ് വഴി ബ്രാംപ്ടണിലെ കോണ്‍സുലേറ്റ് ഓഫീസിലേക്ക് അയച്ച തന്റെ മുന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് യാത്രാമധ്യേ നഷ്ടമായതായി ലണ്ടന്‍ ഒന്റാരിയോയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജയായ ജയ ചെവേന്ദ്ര. നഷ്ടപ്പെട്ട പാസ്‌പോര്‍ട്ടിനായി മാസങ്ങളോളം തിരച്ചില്‍ നടത്തിയെന്നും കണ്ടെത്താന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കൊറിയര്‍ സര്‍വീസ്, കേസ് അവസാനിപ്പിക്കുകയും തനിക്ക് നേരിടേണ്ടി വന്ന അസൗകര്യത്തിന് 100 ഡോളര്‍ ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡ് വാഗ്ദാനം ചെയ്തതായും ജയ ചെവേന്ദ്ര പറഞ്ഞു. ആ രേഖയ്ക്ക് നിയമപരവും വൈകാരികവുമായ മൂല്യമുണ്ടെന്നും ഇന്ത്യയില്‍ നിന്നും വിരമിക്കുന്നതിനും പൗരത്വ അവകാശങ്ങള്‍ നേടുന്നതിനുമുള്ള നടപടിക്രമങ്ങള്‍ തടസപ്പെടുത്തിയതായും 62കാരിയായ ജയ ചെവേന്ദ്ര കുറ്റപ്പെടുത്തി. 

പ്യൂറോലേറ്റര്‍ വാഗ്ദാനം ചെയ്ത ഗിഫ്റ്റ്കാര്‍ഡ് താന്‍ നിരസിച്ചതായും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് താന്‍ നേരിട്ട ദുരിതത്തിനുള്ള ഉത്തരവാദിത്തത്തില്‍ നിന്നും പ്യൂറോലേറ്ററിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ജയ പറഞ്ഞു. സാമ്പത്തിക നഷ്ടപരിഹാരം ഈ കേസില്‍ അപ്രസക്തമാണ്. ഇതൊരു നിര്‍ണായക രേഖയാണ്, അതിന് പകരമായി മറ്റൊരു രേഖയും തന്റെ പക്കലില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ഇന്ത്യയില്‍ ജനിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ കനേഡിയന്‍ പൗരത്വം സ്വീകരിച്ച വ്യക്തിയാണ് ജയ ചെവേന്ദ്ര. ഇരട്ട പൗരത്വം അനുവദിക്കാത്ത ഇന്ത്യയില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനും പ്രോപ്പര്‍ട്ടി സ്വന്തമാക്കാനുമുള്ള അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ(OCI)യ്ക്കായി 2024 ലാണ് ജയ അപേക്ഷ സമര്‍പ്പിച്ചത്. OCI  ലഭിക്കാന്‍ 1980 ല്‍ ലഭിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതായി വന്നു. ഇതിനായി കാനഡ പോസ്റ്റിന്റെ രജിസ്റ്റര്‍ ചെയ്ത മെയില്‍ സര്‍വീസ് ഉപയോഗിച്ച് പാസ്‌പോര്‍ട്ട് BLS ഇന്ത്യ വിസ ആപ്ലിക്കേഷന്‍ സെന്ററിന്റെ ബ്രാംപ്ടണ്‍ ഓഫീസിലേക്കയച്ചു. എന്നാല്‍ കാനഡ പോസ്റ്റില്‍ നിന്നുള്ള പാക്കേജുകള്‍ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി BLS അത് ജയയ്ക്ക് തിരിച്ചയച്ചു. പകരം പ്യൂറോലേറ്റര്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെയാണ് ജയ ചെവേന്ദ്ര പ്യൂറോലേറ്റര്‍ വഴി സെപ്റ്റംബറില്‍ ഒരു സുഹൃത്തിന് വേണ്ടി OCI  അപേക്ഷ തയാറാക്കി രണ്ട് പാസ്‌പോര്‍ട്ടുകളും ഒരുമിച്ച് അയച്ചത്. സുഹൃത്തിന്റെ പാക്കേജ് ഒക്ടോബര്‍ 2ന് എത്തിച്ചേര്‍ന്നു. എന്നാല്‍ ചെവേന്ദ്രയുടേത് അവസാനമായി കണ്ടത് ടൊറന്റോയുടെ പ്രാന്തപ്രദേശമായ എറ്റോബിക്കോക്കിലാണ്. അതിനു ശേഷം അത് ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. 

അതേസമയം, ചെവേന്ദ്രയുടെ സംഭവത്തില്‍ പാക്കേജുകള്‍ കാണാതെ പോകുന്നത് അത്യപൂര്‍വ്വമായി സംഭവിക്കുന്ന കാര്യമാണെന്ന് പ്യുറോലേറ്റര്‍ പ്രതികരിച്ചു. ബിഎല്‍എസ് പ്രതികരണം നല്‍കിയില്ല. എന്നാല്‍ വെബ്‌സൈറ്റില്‍ പറയുന്നത് പ്യുറോലേറ്റര്‍ അവരുടെ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്‌സ് കമ്പനിയാണെന്നും ബിഎല്‍എസിലേക്ക് പാക്കേജുകള്‍ അയച്ചാല്‍ അത് സ്വീകരിക്കുന്നത് വരെയുള്ള ട്രാക്കിംഗ് വളരെ കൃത്യമാണെന്നുമാണ്. മറ്റ് മെയില്‍ സര്‍വീസ് വഴി വരുന്ന അപേക്ഷകള്‍ ബിഎല്‍എസിന് ട്രാക്ക് ചെയ്യാന്‍ കഴിയില്ലെന്നും വെബ്‌സൈറ്റില്‍ വിശദീകരിക്കുന്നു.