കനേഡിയൻ വ്യോമയാന മേഖലയുടെ വളർച്ചയ്ക്കായി കൂടുതൽ വിദേശ കമ്പനികൾ വരേണ്ടതുണ്ടെന്ന് കോമ്പറ്റീഷൻ ബ്യൂറോ

By: 600110 On: Jun 20, 2025, 1:53 PM

 

കാനഡയിൽ വ്യോമയാന മേഖലയിലെ വളർച്ചയ്ക്കായി കൂടുതൽ വിദേശ കമ്പനികൾ രാജ്യത്ത് വരേണ്ടതുണ്ടെന്ന് കോമ്പറ്റീഷൻ ബ്യൂറോ. ആഭ്യന്തര വിമാനക്കമ്പനികളിൽ 100 ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കണമെന്ന്  കോമ്പറ്റീഷൻ ബ്യൂറോ ഫെഡറൽ സർക്കാരിനോട് നിർദ്ദേശിച്ചു. മേഖലയിൽ മത്സരം വർദ്ധിപ്പിക്കുന്നതിനുള്ള  മാർഗമായാണ് കോമ്പറ്റീഷൻ ബ്യൂറോ ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

കാനഡയിലെ വ്യോമയാന വ്യവസായത്തെക്കുറിച്ചുള്ള പുതിയൊരു പഠനത്തെ തുടർന്ന് കോമ്പറ്റീഷൻ ബ്യൂറോ നടത്തിയ നിരവധി ശുപാർശകളിൽ ഒന്നാണ് ഇത്. ശരിയായ നയം മാറ്റങ്ങളിലൂടെ, പുതിയ വിമാനക്കമ്പനികൾക്ക് വളരാനും മത്സരിക്കാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സർക്കാരുകൾക്ക് കഴിയും. കൂടാതെ കനേഡിയക്കാർക്ക് കൂടുതൽ താങ്ങാനാവുന്നതും വിശ്വസനീയവുമായ വിമാന ഓപ്ഷനുകൾ ലഭ്യമാക്കാനും കഴിയുമെന്ന് കോമ്പറ്റീഷൻ കമ്മീഷണർ മാത്യു ബോസ്വെൽ പറഞ്ഞു. കാനഡയിൽ മാത്രം പ്രവർത്തിക്കുന്ന പുതിയൊരു എയർലൈൻ കമ്പനിക്ക് രൂപം നല്കുക എന്നതാണ് നിർദ്ദേശങ്ങളിൽ മറ്റൊന്ന്. രാജ്യത്തിന് പുറത്തു നിന്നുള്ളവർക്ക് 100 ശതമാനം വരെ ഉടമസ്ഥാവകാശം നൽകാൻ  അനുവദിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത് ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് കൂടുതൽ ആഗോള വൈദഗ്ധ്യത്തിൻ്റെയും മൂലധനത്തിൻ്റെയും പ്രയോജനം ലഭ്യമാക്കുമെന്നും ബ്യൂറോ പറയുന്നു.