16 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് വരുന്നു; ലോകത്ത് തന്നെ ആദ്യം, നിർണായക നീക്കത്തിന് ഓസ്ട്രേലിയ

By: 600007 On: Jun 20, 2025, 1:12 PM

 

കാൻബറ: പതിനാറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാകാൻ ഓസ്‌ട്രേലിയ ഒരുങ്ങുന്നു. പ്രായം ഉറപ്പാക്കുന്ന സാങ്കേതികവിദ്യ ഫലപ്രദമായും സ്വകാര്യമായും പ്രവർത്തിക്കുമെന്ന് ഒരു പ്രധാന സർക്കാർ പിന്തുണയുള്ള ട്രയലിൽ കണ്ടെത്തിയിരുന്നു. ഇതോടയാണ് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതകൾ തെളിഞ്ഞത്.

1,000-ലധികം സ്കൂൾ വിദ്യാർത്ഥികളെയും നൂറുകണക്കിന് മുതിർന്നവരെയും ഉൾപ്പെടുത്തി നടത്തിയ ഏജ് അഷ്വറൻസ് ടെക്നോളജി ട്രയൽ, ഉപയോക്താവിന്‍റെ വ്യക്തിഗത വിവരങ്ങൾ അമിതമായി ശേഖരിക്കാതെ നിലവിലുള്ള ഉപകരണങ്ങൾക്ക് ഒരു ഉപയോക്താവിന്‍റെ പ്രായം എത്രത്തോളം കൃത്യമായി പരിശോധിക്കാൻ കഴിയുമെന്ന് പരീക്ഷിച്ചു. യുകെ ആസ്ഥാനമായുള്ള എൻജിഒ ഏജ് ചെക്ക് സർട്ടിഫിക്കേഷൻ സ്കീം (ACCS) ആണ് ഈ ട്രയലിന് മേൽനോട്ടം വഹിച്ചത്. ഓസ്‌ട്രേലിയയുടെ നിർദ്ദിഷ്ട നിയമനിർമ്മാണം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായാണ് ഈ ഫലങ്ങൾ വിലയിരുത്തപ്പെടുന്നത്.

ഓസ്‌ട്രേലിയയിൽ പ്രായം ഉറപ്പാക്കുന്നതിന് കാര്യമായ സാങ്കേതിക തടസ്സങ്ങളൊന്നുമില്ലെന്ന് എസിസിഎസ് സിഇഒ ടോണി അലൻ പറഞ്ഞു. ഒരു സിസ്റ്റവും പൂർണ്ണമല്ലെന്ന് അലൻ സമ്മതിച്ചു. എന്നാൽ ഓസ്‌ട്രേലിയയിൽ പ്രായം ഉറപ്പാക്കൽ സ്വകാര്യമായും കാര്യക്ഷമമായും ഫലപ്രദമായും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഉറപ്പിച്ച് പറ‌ഞ്ഞു. ചില ഉപകരണങ്ങൾ ആവശ്യമുള്ളതിലും കൂടുതൽ ഡാറ്റ ശേഖരിച്ചേക്കാമെന്നത് കൂടുതൽ ശ്രദ്ധിക്കും. ഇപ്പോഴുള്ള പരിശോധനാ മാതൃക ഒരു മൾട്ടിലെയർഡ് സമീപനമാണ്. പാസ്‌പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള രേഖകൾ ഉപയോഗിച്ച് പരമ്പരാഗത ഐഡി അടിസ്ഥാനമാക്കിയുള്ള പരിശോധനകളോടെയാണ് ഇത് ആരംഭിക്കുന്നത്.