കനേഡിയന്‍ ടയറില്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശ തൊഴിലാളികളില്‍ നിന്നും ആല്‍ബെര്‍ട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ പണം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. എറ്റോബിക്കോക്കിലുള്ള കനേഡിയന്‍ ടയറില്‍ ജോലി വാഗ്ദാനം ചെയ്താണ് ഫിലിപ്പീയന്‍സില്‍ നിന്നുള്ളവരടക്കമുള്ള തൊഴിലാളികളില്‍ നിന്നും പതിനായിരക്കണക്കിന് ഡോളര്‍ പണം അലിസണ്‍ ജോണ്‍സ് കണ്‍സള്‍ട്ടിംഗ്, എജെ ഇമിഗ്രേഷന്‍ ഗ്രൂപ്പ് എന്നീ കമ്പനികള്‍ ഈടാക്കിയത്. കമ്പനികള്‍ ഏകദേശം 165,000 തിരിച്ചടയ്ക്കാന്‍ ഒന്റാരിയോ തൊഴില്‍മന്ത്രാലയം ഉത്തരവിട്ടു.
ജോലി ലഭിക്കാന്‍ തങ്ങള്‍ ഓരോരുത്തരും 7,900 യുഎസ് ഡോളര്‍ വരെ നല്‍കിയതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ജോലി ലഭിച്ചുകഴിഞ്ഞ് പറഞ്ഞതിനേക്കാള്‍ കുറഞ്ഞ വേതനമാണ് ലഭിച്ചത്. മാത്രവുമല്ല തങ്ങളോട് മോശമായി പെരുമാറുകയും ചെയ്തതായി അവര്‍ ആരോപിച്ചു. ഇതില്‍ നിരവധി തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ച് അറ്റ്‌ലാന്റിക് കാനഡയിലും മറ്റിടങ്ങളിലും മറ്റ് ജോലികള്‍ കണ്ടെത്തി. 2023 ഒക്ടോബറിലാണ് പരാതികള്‍ ഒന്റാരിയോ തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത്. തുടര്‍ന്ന് എംപ്ലോയ്‌മെന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫീസര്‍ അന്വേഷണം നടത്തി. അന്വേഷണത്തിനൊടുവില്‍ മെയ് 14 ന് എട്ട് കേസുകളില്‍ മന്ത്രാലയം കമ്പനികള്‍ക്കെതിരെ തിരിച്ചടവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
അതേസമയം, കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം എടുത്ത തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുകയാണെന്ന് അലിസണ്‍ ജോണ്‍സ് പ്രതികരിച്ചു. അപ്പീല്‍ പ്രക്രിയയില്‍ തങ്ങള്‍ വിശ്വസിക്കുന്നു. വസ്തുതകളുടെ പൂര്‍ണമായ അവലോകനത്തെ അടിസ്ഥാനമാക്കി നീതിയുക്തവും കൃത്യവുമായ പരിഹാരത്തിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ വ്യക്തമാക്കി.
തൊഴിലാളികളെ ജോലിക്കെടുത്തിരുന്ന കനേഡിയന്‍ ടയര്‍ സ്‌റ്റോറിനെതിരായ പരാതികള്‍ അന്വേഷിക്കുന്നുണ്ടെന്ന് ഒന്റാരിയോ തൊഴില്‍ മന്ത്രാലയം അറിയിച്ചു.