സ്റ്റാഫ് ക്ഷാമം: ബീസിയിലെ വിദ്യാഭ്യാസ സംവിധാനം പ്രതിസന്ധിയില്‍

By: 600002 On: Jun 20, 2025, 9:46 AM

 


അധ്യാപകരുടെയും അധ്യാപക സഹായികളുടെയും ക്ഷാമം ബ്രിട്ടീഷ് കൊളംബിയയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രതിസന്ധിയിലാക്കുന്നതായി അധികൃതര്‍. പ്രവിശ്യയിലെ സ്‌കൂളുകളിലെ സ്റ്റാഫുകളുടെ ക്ഷാമം വിദ്യാര്‍ത്ഥികളെയും മാതാപിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്. എത്ര തസ്തികകള്‍ നികത്തണമെന്ന കൃത്യമായ കണക്കുകള്‍ പക്കലില്ലാത്തത് വലിയൊരു പോരായ്മയാണെന്ന് ബീസി ടീച്ചേഴ്‌സ് ഫെഡറേഷന്‍(BCTF) പ്രസിഡന്റ് ക്ലിന്റ് ജോണ്‍സ്റ്റണ്‍ മാധ്യമങ്ങളോട് പറഞ്ഞു. എലിമെന്ററി, മിഡില്‍, ഹൈസ്‌കൂളുകളെ ജീവനക്കാരുടെ ക്ഷാമം സാരമായി ബാധിക്കുന്ന ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും ഇത് നിരാശാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

അധ്യാപകരുടെ കുറവ് മാത്രമല്ല, എജ്യുക്കേഷന്‍ അസിസ്റ്റന്റുകളുടെ കുറവും വലിയതോതില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും പൂര്‍ണമായി അംഗീകരിക്കപ്പെട്ട അധ്യാപകരില്ല. ആവശ്യത്തിന് എജ്യുക്കേഷന്‍ അസിസ്റ്റന്റുകളില്ല. രണ്ട് ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം അധ്യാപകര്‍ ഒന്നിച്ച് ചെയ്യുന്നതിനാല്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ജോണ്‍സ്റ്റണ്‍ ചൂണ്ടിക്കാട്ടി. ചില ഡിസ്ട്രിക്റ്റുകള്‍ മാതാപിതാക്കളുടെ പിന്തുണയോടെയാണ് വിദ്യാഭ്യാസ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അദ്ദേഹം സമ്മതിക്കുന്നു. 

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ കൂടുതല്‍ പണം നിക്ഷേപിക്കുക എന്നതാണ് ഇതിനൊരു പരിഹാരമെന്ന് അദ്ദേഹം പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രാലയത്തിനാണെന്നും ജോണ്‍സ്റ്റണ്‍ വ്യക്തമാക്കി. കൂടുതല്‍ സ്‌പെഷ്യലിസ്റ്റ് തസ്തികകള്‍ നികത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, ഈ പോരായ്മകളെല്ലാം ഉണ്ടായിരുന്നിട്ടും ബീസിയിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതാണെന്ന് ജോണ്‍സ്റ്റണ്‍ വാദിക്കുന്നു. പഠനനിലവാരം നിലനിര്‍ത്താന്‍ നിലവിലുള്ള ജീവനക്കാര്‍ അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. ഈ സംവിധാനത്തിലുള്ളവര്‍ കാര്യങ്ങള്‍ ശരിയായ പാതയില്‍ നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.