ടൊറന്റോയില്‍ ടാക്‌സി ഡ്രൈവര്‍മാരെന്ന വ്യാജേന യാത്രക്കാരെ കബളിപ്പിച്ച് ലക്ഷകണക്കിന് ഡോളര്‍ തട്ടിപ്പ് നടത്തിയ 11 അംഗ സംഘം പിടിയിലായി. പിടിയിലായവരില്‍ ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. പ്രതികള്‍ നിയമാനുസൃത ടാക്‌സി ഓപ്പറേറ്റര്‍മാരായി ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കൂടാതെ രണ്ട് പേര്‍ ഒളിവിലാണ്.
'പ്രോജക്റ്റ് ഫെയര്‍' എന്ന പേരില്‍ ആരംഭിച്ച അന്വേഷണത്തില്‍ പ്രതികള്‍ യാത്രക്കാരുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ 500,000 ഡോളര്‍ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. യാത്രക്കാരില്‍ നിന്നും ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യാത്രാക്കൂലി നല്‍കാന്‍ ആവശ്യപ്പെടുകയും ഇടപാടിനിടെ പ്രതികള്‍ യാത്രക്കാരുടെ യഥാര്‍ത്ഥ കാര്‍ഡ് മാറ്റി പകരം വ്യാജ കാര്‍ഡ് നല്‍കുകയുമാണ് ചെയ്യുന്നത്. യഥാര്‍ത്ഥ കാര്‍ഡും പിന്‍ നമ്പറും കൂട്ടുപ്രതിക്ക് കൈമാറും. തുടര്‍ന്ന് കാര്‍ഡില്‍ നിന്നും പണം തട്ടുകയാണ് പതിവ്.
അന്വേഷണത്തിന്റെ തുടക്കത്തില്‍ 60 ഓളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ അന്വേഷണം അവസാനിക്കാറായതോടെ കേസുകളുടെ മുന്നൂറിലധികമായെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരെ വഞ്ചന, കുറ്റകൃത്യ വരുമാനം കൈവശം വെക്കല്‍, വ്യാജരേഖ ചമക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു.