ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുത്'; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

By: 600007 On: Jun 19, 2025, 5:38 PM

 

 

 

 

 

മോസ്കോ: ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി റഷ്യ. റഷ്യൻ വവിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ. 

ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാൽ പോലും ഞങ്ങൾ അമേരിക്കക്ക് മുന്നറിയിപ്പ് നൽകും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാൽ മുഴുവൻ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്കോവ് പറഞ്ഞു.

അതേസമയം, ഇറാന്‍ - ഇസ്രയേല്‍ അതിരൂക്ഷ സംഘര്‍ഷം ഏഴാം നാളിലേക്ക് കടന്നതോടെ പരിഹാരം കാണാനായി റഷ്യ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് വ്യക്തമാക്കി പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍ രംഗത്തെത്തിയിരുന്നു. ലോകത്തിനാകെ ആശങ്കയായി മാറുന്ന ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഉടന്‍ പരിഹാരം കാണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഇതിനായി ഇരു രാജ്യങ്ങളുമായി നല്ല ബന്ധമുള്ള റഷ്യ ഇടപെടാൻ തയ്യാറെന്നും പുടിൻ വ്യക്തമാക്കി. ഇറാന് സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള അവകാശമുണ്ടെന്നും റഷ്യൻ പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു. ഉപാധികളില്ലാതെ ഇസ്രയേലിന്‍റെ സുരക്ഷ സംരക്ഷിക്കപ്പെടണമെന്നും പുടിൻ കൂട്ടിച്ചേർത്തു.