അതിർത്തി സുരക്ഷ ഉറപ്പാക്കാനുള്ള ബിൽ സി-2 നിയമത്തിനെതിരെ വിമർശനം ഉയരുന്നു

By: 600110 On: Jun 19, 2025, 3:38 PM

അതിർത്തി സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ സർക്കാർ കൊണ്ടു വന്ന ബിൽ സി-2 നിയമത്തിനെതിരെ വിമർശനം ഉയരുന്നു. പുതിയ നിയമം കുടിയേറ്റക്കാരെ നാടുകടത്താൻ വേണ്ടിയെന്നാണ് ആക്ഷേപം ഉയരുന്നത്. അതിർത്തി സുരക്ഷയിൽ സമൂലമായ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നതാണ് കാനഡ കൊണ്ടു വന്ന നിയമനിർമ്മാണം. പബ്ലിക് സേഫ്റ്റി കാനഡയുടെ അഭിപ്രായത്തിൽ, അതിർത്തി സുരക്ഷിതമായി നിലനിർത്തുന്നതിനും, കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും, ഫെൻ്റനൈലിൻ്റെ ഒഴുക്ക് തടയുന്നതിനും സ്ട്രോങ്ങ് ബോർഡേഴ്സ് ആക്റ്റ് "നിയമപാലകർക്ക് കൂടുതൽ അധികാരം നൽകുന്നു.

എന്നാൽ  കാനഡയിലുടനീളമുള്ള മനുഷ്യാവകാശ സംഘടനകൾ ബിൽ സി-2 നെതിരെ എതിർപ്പുമായി രംഗത്തത്തുകയാണ്. ബിൽ അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നേരെയുള്ള ആക്രമണമാണെന്നാണ് അവരുടെ ആക്ഷേപം. കുടിയേറ്റ, അഭയാർത്ഥി സംരക്ഷണ നിയമം, പൗരത്വ, കുടിയേറ്റ വകുപ്പ് നിയമം എന്നിവയുൾപ്പെടെ നിരവധി നിയമങ്ങളിൽ ഭേദഗതികൾ വരുത്താൻ നിയമനിർമ്മാണം നിർദ്ദേശിക്കുന്നു. കുടിയേറ്റത്തിനെതിരായ വൈറ്റ് ഹൗസിന്റെ നടപടികളിൽ പ്രതിഷേധിച്ച് യുഎസിലുടനീളമുള്ള അമേരിക്കക്കാർ തെരുവിലിറങ്ങിയിരുന്നു . ബിൽ സി-2 രാജ്യത്തെ യു എസിൻ്റെ അതേ പാതയിലേക്ക് നയിക്കുമെന്ന് കാനഡയിലെ മനുഷ്യാവകാശ സംഘടനകൾ ഭയപ്പെടുന്നു. പ്രധാനമന്ത്രി മാർക് കാർണിയെയും മനുഷ്യാവകാശ സംഘടനകൾ വിമർശിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റേതിന് തുല്യമാണ് കാർണിയുടെ നയങ്ങളെന്ന് വിമർശകർ കുറപ്പെടുത്തി.