കാനഡയിലെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടാൻ വിദേശ സർക്കാരുകൾ കുറ്റകൃത്യ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുണ്ടെന്ന് രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം പുറത്തിറക്കിയ വാർഷിക റിപ്പോർട്ട്. ഇന്ത്യയും ഇറാനും ഇത്തരത്തിൽ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭീഷണി പ്രവർത്തനങ്ങൾ നടത്തുന്നതിന് സംഘടിത കുറ്റകൃത്യ ശൃംഖലകളെ ഉപയോഗപ്പെടുത്തുന്ന ആശങ്കാജനകമായ പ്രവണത കണ്ടെത്തിയതായി കനേഡിയൻ സുരക്ഷാ ഇൻ്റലിജൻസ് സർവീസ് പറയുന്നു. നിയമാനുസൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നവരെ ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനും മറ്റ് രാജ്യങ്ങൾ ക്രിമിനൽ ഗ്രൂപ്പുകളെ ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്. ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗം ഒരു കൊലപാതകം നടത്താൻ നിയമവിരുദ്ധ ബൈക്കർ സംഘാംഗങ്ങളെ നിയമിച്ചതിൻ്റെയും, കാനഡയിലെ അക്രമത്തിൽ ഇന്ത്യയ്ക്കുള്ള പങ്കിൻ്റെയും ഉദാഹരണങ്ങൾ റിപ്പോർട്ടിലുണ്ട്. കാനഡയിലെ ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ അക്രമ പ്രവർത്തനങ്ങൾ വിതയ്ക്കുന്നതിനായി ഇന്ത്യൻ സർക്കാർ ഏജൻറുമാർ ക്രിമിനൽ ശൃംഖലകളെ ഉപയോഗപ്പെടുത്തുന്നതിൻ്റെ തെളിവുകൾ ആർസിഎംപിയുടെ കൈയ്യിൽ ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജി7 ഉച്ചകോടിയുടെ പിറ്റേന്നാണ് റിപ്പോർട്ട് പരസ്യമായി പുറത്തിറക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ അതിഥിയായിരുന്നു. കാനഡയിലെ അക്രമത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് മോദിയെ ക്ഷണിക്കാനുള്ള പ്രധാനമന്ത്രി മാർക്ക് കാർണിയുടെ തീരുമാനം ലിബറൽ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരുന്നു.