ആഗോള ജീവിതക്ഷമതാ റാങ്കിംഗില്‍ കാല്‍ഗറി 13 സ്ഥാനങ്ങള്‍ പിന്നോട്ട് പോയി: കാരണം മോശം ആരോഗ്യ സംരക്ഷണ സംവിധാനമെന്ന് റിപ്പോര്‍ട്ട് 

By: 600002 On: Jun 19, 2025, 10:14 AM

 

ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ 13 സ്ഥാനങ്ങള്‍ പിന്നോട്ട് പോയിരിക്കുകയാണ് കാല്‍ഗറി. ഈ ആഴ്ച പുറത്തിറങ്ങിയ EIU യുടെ 2025 ലെ ലൈവബിലിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ കഴിഞ്ഞ 12 മാസത്തിനിടെ ഏറ്റവും വേഗത്തില്‍ റാങ്കിംഗില്‍ ഏറ്റവും താഴേക്ക് പോയ നഗരമായി കാല്‍ഗറിയെ വിശേഷിപ്പിക്കുന്നു. കാല്‍ഗറി പട്ടികയില്‍ താഴേക്ക് പോകാന്‍ കാരണം നഗരത്തിലെ മോശം ആരോഗ്യ സംരക്ഷണ സംവിധാനമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന കാല്‍ഗറി, ഈ വര്‍ഷം 18 ആം സ്ഥാനത്തേക്കാണ് താഴ്ന്നത്. 

EIU  റിപ്പോര്‍ട്ട് പ്രകാരം, കാല്‍ഗറിയിലെ ആരോഗ്യ സംരക്ഷണ സംവിധാനം ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാല്‍ കാല്‍ഗറി മാത്രമല്ല, സര്‍വേയില്‍ ഉള്‍പ്പെട്ട മറ്റ് കനേഡിയന്‍ നഗരങ്ങളും ഇതേ കാരണത്താല്‍ റാങ്കിംഗില്‍ താഴേക്ക് പോയി. കാല്‍ഗറി ഉള്‍പ്പെടെ കാനഡയിലെ ഭൂരിഭാഗം നഗരങ്ങളിലെയും ആശുപത്രികളില്‍ ദൈര്‍ഘ്യമേറിയ കാത്തിരിപ്പ് സമയമാണ് പ്രധാന പോരായ്മ. 12 മുതല്‍ 24 മണിക്കൂര്‍ വരെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വന്നവരുണ്ട്. 

അതേസമയം, റിപ്പോര്‍ട്ടില്‍ ദേശീയ ആരോഗ്യ സേവനത്തിലെ സമ്മര്‍ദ്ദങ്ങളെക്കുറിച്ച് അവ്യക്തമായി പരാമര്‍ശിക്കുകയാണെന്ന്‌ കാല്‍ഗറി സിറ്റി മാധ്യങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കാല്‍ഗറിയുടെ റാങ്കിംഗ് ഇടിവിനെക്കുറിച്ച് വ്യക്തമായ വിശദീകരണവും സിറ്റി നല്‍കിയില്ല. കാല്‍ഗറിയില്‍ ഏകദേശം 300 ഫിസിഷ്യന്മാരുടെ വര്‍ധന, നഗരത്തില്‍ രോഗികളെ സ്വീകരിക്കുന്ന പ്രൈമറി കെയര്‍ പ്രൊവൈഡര്‍മാരുടെ എണ്ണത്തിലുള്ള വര്‍ധന, അടിയന്തര ഘട്ടങ്ങളിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ആല്‍ബെര്‍ട്ടയില്‍ കൂടുതല്‍ ആശുപത്രി കിടക്കകള്‍ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. പട്ടികയില്‍ കാല്‍ഗറി താഴേക്ക് പോയെങ്കിലും മൊത്തത്തിലുള്ള സൂചികയില്‍ ഇപ്പോഴും ഉയര്‍ന്ന സ്ഥാനത്താണുള്ളതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പട്ടികയില്‍ 12 ആം സ്ഥാനത്ത് നിന്നും 16 ആം സ്ഥാനത്തേക്ക് ടൊറന്റോ പിന്തള്ളപ്പെട്ടു. അതേസമയം, വാന്‍കുവര്‍ അവസാന സ്ഥാനത്ത് ആദ്യ പത്തില്‍ ഇടം നേടി.