ബാങ്കുദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരുമായി ആള്‍മാറാട്ടം നടത്തി ആളുകളെ തട്ടിപ്പിനിരയാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരുമെന്ന് കാല്‍ഗറി പോലീസ് സര്‍വീസ് അറിയിച്ചു. തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും പോലീസ് നല്‍കി. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ക്കായി തട്ടിപ്പ് സംഘം ഇരകളെ ലക്ഷ്യമിടുന്നത് വര്‍ധിച്ചതായി പോലീസ് പറയുന്നു. ഇതിനായി സിപിഎസ് ഓഫീസര്‍മാരുടെയോ ബാങ്ക് ഉദ്യോഗസ്ഥരുടെയോ വേഷത്തില്‍ ഇരകളുമായി തട്ടിപ്പുകാര്‍ ബന്ധപ്പെടുന്നു.
ഈ വര്‍ഷം ഇതുവരെ ലോക്കല്‍ പോലീസ് ഓഫീസറായി വേഷം മാറി ഫോണ്‍ വിളിച്ച് തട്ടിപ്പ് നടത്തിയ 30 ലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. ഈ തട്ടിപ്പുകളില്‍ മൊത്തം 43,000 ഡോളറിലധികം നഷ്ടം കാല്‍ഗറിയിലെ നിവാസികള്‍ക്കുണ്ടായെന്നാണ് കണക്കുകള്‍. ബാങ്കിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരയെ ഫോണില്‍ വിളിച്ച് ബന്ധപ്പെട്ടതായുള്ള സംഭവം സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്തതായി സിപിഎസ് പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിളിക്കുന്നതെന്നും തട്ടിപ്പ് നടക്കാതിരിക്കാന്‍ കാര്‍ഡുകള്‍ ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുകാര്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളും ചോദിച്ചറിഞ്ഞ് തട്ടിപ്പ് നടത്തിയതായി പോലീസ് പറഞ്ഞു.
തട്ടിപ്പിനിരകളായ ചിലര്‍ കോളര്‍ ഐഡിയില്‍ സിപിഎസ് ഫോണ്‍ നമ്പറിന് സമാനമായ നമ്പറാണ് പ്രത്യക്ഷപ്പെടുന്നതെന്ന് പറയുന്നു. എന്നാല്‍ സിപിഎസ് ഓഫീസില്‍ നിന്നും ആളുകള്‍ക്ക് ഫോണ്‍കോളുകള്‍ വരാറില്ലെന്ന് സിപിഎസ് അടിവരയിട്ട് പറഞ്ഞു. ഇത്തരത്തിലുള്ള കോള്‍ ലഭിക്കുന്നവര്‍ക്ക് ഉദ്യോഗസ്ഥന്റെ മുഴുവന്‍ പേര്, റെജിമെന്റല്‍ നമ്പര്‍, കേസ് ഫയല്‍ നമ്പര്‍ എന്നിവ ആവശ്യപ്പെടാം. തുടര്‍ന്ന് ഫോണ്‍ കട്ട് ചെയ്ത് 403-266-1234 എന്ന നമ്പറില്‍ സിപിഎസ് നോണ്‍-എമര്‍ജന്‍സി ലൈനില്‍ വിളിച്ച് സംഭാഷണം തുടരുന്നതിന് മുമ്പ് ഉദ്യോഗസ്ഥനെ പരിശോധിച്ച് ഉറപ്പുവരുത്താമെന്നും പോലീസ് അറിയിച്ചു. സിപിഎസ് ഒരിക്കലും പൗരന്മാരെ വിളിക്കുകയോ ഇമെയില്‍ അയയ്ക്കുകയോ ചെയ്യാറില്ലെന്നും സാമ്പത്തിക വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടാറില്ലെന്നും വ്യക്തമാക്കി.