എറിക് ചുഴലിക്കാറ്റ്: മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയന്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണം; യാത്രാ ഉപദേശം നല്‍കി കാനഡ 

By: 600002 On: Jun 19, 2025, 8:18 AM

 


മെക്‌സിക്കോയിലേക്ക് പോകുന്ന കനേഡിയന്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് യാത്രാ ഉപദേശം നല്‍കി കനേഡിയന്‍ സര്‍ക്കാര്‍. അപകടസാധ്യത കണക്കിലെടുത്താണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിവേഗം ശക്തിപ്രാപിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റായ എറിക്കിന്റെ അപകടങ്ങളെ കുറിച്ച് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ബഹിയാസ് ഡി ഹുവാറ്റുല്‍കോ മുതല്‍ ടെപ്കാന്‍ ഡി ഗലീന വരെയുള്ള തെക്കുപടിഞ്ഞാറന്‍ തീരത്തേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും കനേഡിയന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു. 

ജൂണ്‍ 19 ന് ബഹിയാസ് ഡി ഹുവാല്‍ട്ടുല്‍ക്കോയ്ക്കും ടെപ്കാന്‍ ഡി ഗലീനയ്ക്കും ഇടയില്‍ ഒരു ചുഴലിക്കാറ്റായി എറിക് കരയിലേക്ക് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു. കൊടുങ്കാറ്റിനെ തുടര്‍ന്ന് അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ഗതാഗതം, വൈദ്യുതി വിതരണം, ജലവിതരണം, ഭക്ഷ്യവിതരണം, ടെലികമ്മ്യൂണിക്കേഷന്‍ ശൃംഖലകള്‍, അടിയന്തര സേവനങ്ങള്‍, വൈദ്യസഹായം എന്നിവയുള്‍പ്പെടെയുള്ള അവശ്യ സേവനങ്ങളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും തടസ്സപ്പെടുത്തിയേക്കാമെന്നും കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

തെക്കന്‍ മെക്‌സിക്കോയിലുള്ള കനേഡിയന്‍ പൗരന്മാര്‍ ബാധിത പ്രദേശത്താണെങ്കില്‍ ജാഗ്രത പാലിക്കുക. പ്രാദേശിക വാര്‍ത്തകളും കാലാവസ്ഥാ റിപ്പോര്‍ട്ടുകളും നിരീക്ഷിക്കുക. പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ഉപദേശത്തില്‍ പറയുന്നു. 

യുഎസ് നാഷണല്‍ ഹരിക്കേന്‍ സെന്ററിന്റെ(എന്‍എച്ച്‌സി) വെബ്‌സൈറ്റില്‍ അപ്‌ഡേറ്റുകള്‍ കാണാം.