അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാന അപകടത്തിൽ രണ്ട് ഡിഎൻഎ ഫലം കൂടി പുറത്ത് വന്നു. ഇതോടെ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 210 ആയി. 187 മൃതശരീരങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുത്തു. 15 മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ സാമ്പിളുകൾക്കായി കാത്തിരിക്കുകയാണ്. ഗുജറാത്ത് ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഋഷികേഷ് പട്ടേൽ അറിയിച്ചതാണിത്
അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും കൊല്ലപ്പെട്ടിരുന്നു. അത്ഭുതകരമായി രക്ഷപ്പെട്ടത് വിശ്വാസ് കുമാർ രമേഷ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. മരിച്ചവരിൽ 27 ബ്രിട്ടീഷ് പൗരന്മാരും നാല് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെടുന്നു.
ജൂൺ 12ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ബോയിങ് ഡ്രീംലൈനർ 787 വിമാനമാണ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തകർന്നത്. അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളും അപകടത്തിൽ മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം കൂട്ടി.