ടെഹ്റാൻ: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഇപ്പോഴും ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാൻ. ഗൗരവത്തോടെ തന്നെ ഇറാൻ ഇക്കാര്യത്തിൽ നിലകൊള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞു. 90 ആണവ പോർമുനകളുള്ള രാജ്യമാണ് ഇസ്രയേൽ എന്ന് പറഞ്ഞ ഇറാൻ വിദേശകാര്യ മന്ത്രി ഇസ്രയേലിൻ്റേത് ഇരട്ടത്താപ്പാണെന്നും പറഞ്ഞു.
മിഡിൽ ഈസ്റ്റിൽ മറ്റാർക്കും ആണവായുധമില്ല. ഇറാന് ആണവായുധം സ്വന്തമാക്കാനാണെങ്കിൽ ഇപ്പോഴത്തെ ആക്രമണത്തോളം പറ്റിയ അവസരമേതാണ്?. ആണവായുധത്തെ മനുഷ്യത്വവിരുദ്ധ ആയുധമെന്ന് വിശേഷിപ്പിച്ച ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി, യുദ്ധം മേഖലയിലാകെ വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പറഞ്ഞു. നേരത്തെ, ഇസ്രയേലുമായുള്ള സംഘർഷത്തിൽ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളിക്കളഞ്ഞിരുന്നു.
പോരാട്ടം തുടങ്ങിയിട്ടേ ഉള്ളൂവെന്നും ഇറാൻ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി വ്യക്തമാക്കിയിരുന്നു. ഇറാൻ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം പറഞ്ഞത്. അമേരിക്കൻ സൈനിക ഇടപെടലുണ്ടായാൽ പരിഹരിക്കാൻ കഴിയാത്ത നഷ്ടം വരുത്തി വെയ്ക്കുമെന്നും ഖമനേയി പറഞ്ഞു. വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.