ആരോഗ്യ മേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി അനാവശ്യ നടപടിക്രമങ്ങൾ കുറയ്ക്കാൻ തീരുമാനമെടുത്ത് ആൽബർട്ട സർക്കാർ. അനാവശ്യ നിയമങ്ങളും കടലാസ് ജോലികളും കുറച്ചുകൊണ്ട് ആശുപത്രികളിലെ കാര്യങ്ങൾ ലളിതവും വേഗമേറിയതുമാക്കാനാണ് ശ്രമം. ആളുകൾക്ക് ആവശ്യമായ സഹായം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്ന തരത്തിൽ രോഗി പരിചരണം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഇതിനായി പുതിയ ആശയം തന്നെ അവതരിപ്പിച്ചിരിക്കുകയാണ് പ്രീമിയർ ഡാനിയേൽ സ്മിത്ത്. ആരോഗ്യ മേഖലയിലെ സമഗ്ര പരിഷ്കരണത്തിൻ്റെ ഭാഗമായി അധികാരങ്ങൾ ആശുപത്രികൾ കേന്ദ്രീകരിച്ച് നൽകുകയാണ് ചെയ്യുക. അതായത് ”ഹോസ്പിറ്റൽ ബേസ്ഡ് ലീഡർഷിപ്പ്” എന്ന ആശയം അവതരിപ്പിച്ചിരിക്കുകയാണ് പ്രീമിയർ. അതിലൂടെ പ്രാദേശിക ആശുപത്രികൾക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരങ്ങൾ ലഭിക്കും. കാൽഗറി, എഡ്മൻ്റൺ പോലുള്ള വലിയ നഗരങ്ങളിലെ സൗകര്യങ്ങൾ ചെറിയ പട്ടണങ്ങളായ പീസ് റിവർ, ക്യാമ്രോസ് എന്നിവിടങ്ങളിൽ ഫലപ്രദമാകണമെന്നില്ലെന്ന് ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. പ്രസവാനന്തര അവധിക്ക് പകരം ജീവനക്കാരെ നിയമിക്കുന്നതിലും കസേരകൾ പോലെയുള്ള അടിസ്ഥാന ആവശ്യങ്ങൾ വാങ്ങുന്നതിനും കേന്ദ്ര അനുമതിയിലടക്കം നേരിടുന്ന കാലതാമസങ്ങൾ സ്മിത്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഈ പുതിയ സമീപനത്തിലൂടെ പ്രാദേശിക ആവശ്യങ്ങൾക്ക് അനുസൃതമായി ആശുപത്രികൾ ഉടനടി ഇടപെടാനും ഒപ്പം രോഗികൾക്ക് മികച്ച പരിചരണം നൽകാനും കഴിയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.