ഡീപ്ഫേക്കുകളെക്കുറിച്ച് ആൽബെർട്ടയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകി ആൽബർട്ട പോലീസ്

By: 600110 On: Jun 18, 2025, 2:15 PM

 

 AI ഉപയോഗിച്ചുള്ള 'ഡീപ്ഫേക്കുകളെക്കുറിച്ച് ആൽബെർട്ടയിലെ മാതാപിതാക്കൾക്കും കുട്ടികൾക്കും മുന്നറിയിപ്പ് നൽകി ആൽബർട്ട പോലീസ്. ഇത്തരം എ ഐ ഡീപ്പ് ഫേക്കുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. AI ഉപയോഗിച്ച് നിർമ്മിക്കുന്ന ഇമേജുകൾ, വീഡിയോ അല്ലെങ്കിൽ ഓഡിയോ എന്നിവയാണ് ഡീപ്പ്ഫേക്കുകൾ എന്നറിയപ്പെടുന്നത്. ഒരാൾ യഥാർത്ഥത്തിൽ ചെയ്യാത്തതോ പറയാത്തതോ ആയ കാര്യങ്ങൾ യാഥാർത്ഥ്യത്തെ വെല്ലുന്ന മികവോടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുകയാണ് ഡീപ് ഫേക്കിലൂടെ ചെയ്യുന്നത്. ഇത്തരം ഡീപ്പ് ഫേക്കുകളിലൂടെ കുട്ടികളെ പലതരത്തിലുള്ള ചതിപ്രയോഗങ്ങളിൽ പെടുത്താൻ കഴിയും.

ഈ സാങ്കേതികവിദ്യ വിലകുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പവുമായതു കൊണ്ട് ഇൻ്റർനെറ്റ് കണക്ഷനുള്ള ആർക്കും അത് ആക്‌സസ് ചെയ്യാൻ കഴിയും. വേനൽക്കാല അവധി അടുത്തു വരുന്നതിനാലും കുട്ടികൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നതിനാലും ആണ് ആൽബെർട്ടയിലെ മാതാപിതാക്കൾക്ക് ഡീപ്ഫേക്കുകളെ കുറിച്ച്  ഇൻ്റർനെറ്റ് ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ (ICE) യൂണിറ്റ് മുന്നറിയിപ്പ് നൽകുന്നത്. Cybertip.ca യുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം കുട്ടികളുടെയും യുവാക്കളുടെയും ലൈംഗികത പ്രകടമാക്കുന്ന ഏകദേശം 4,000 ളം ഡീപ് ഫേക് ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പണത്തിനായി പ്രിയപ്പെട്ട ഒരാളുടെ ശബ്ദം അനുകരിച്ച് കബളിപ്പിക്കുന്ന തട്ടിപ്പുകളും ഡീപ്പ്ഫേക് ഉപയോഗിച്ച് നടക്കുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. യുഎസിലെ നിരവധി സംസ്ഥാനങ്ങൾ ഡീപ്പ്ഫേക്കുകൾ സൃഷ്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നിയമനിർമ്മാണം നടത്തുന്നുണ്ട്.