ബഹിരാകാശ സഞ്ചാരത്തിൽ പുതിയൊരു അധ്യായം കുറിക്കാൻ ആക്സിയം 4 മിഷൻ

By: 600110 On: Jun 18, 2025, 1:56 PM

 

ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ പുതിയ ഒരധ്യായം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആക്സിയം 4 മിഷൻ. 41 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയുടെ ഭാഗമാകുന്നത്. പോളണ്ടും ഹംഗറിയും 40 വർഷത്തിനുശേഷം മനുഷ്യബഹിരാകാശ യാത്രയിലേയ്ക്ക് തിരികെയെത്തുന്നു എന്ന വലിയ പ്രത്യേകതയും ഈ മിഷനുണ്ട്.അനിശ്ചിതങ്ങൾക്ക് ഒടുവിൽ ദൗത്യം വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്.  ജൂൺ 19, വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് വീണ്ടും മാറ്റിയത്. പുതിയ തീരുമാന പ്രകാരം ജൂൺ 22 ഞായറാഴ്ചയാണ് ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാൻശു ശുക്ല ഉൾപ്പെടെ നാലുപേരെ വഹിച്ചുകൊണ്ട് പേടകം പുറപ്പെടുക. നാസ , സ്‌പേസ് എക്‌സ് , ഇസ്രോ എന്നിവ തമ്മിലുള്ള സഹകരണത്തോടെയുള്ള ഈ ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ യാത്രാ സഹകരണം ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിടുന്നുണ്ട്.

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരൻ വീണ്ടും ബഹിരാകാശത്തേക്ക് പോകാൻ ഒരുങ്ങുന്നത്.
അതിനാൽ തന്നെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാൻശു ശുക്ല. ഇന്ത്യയുടെ ഗഗൻയാൻ പ്രോഗ്രാമിലെ നാല് ബഹിരാകാശയാത്രികരിൽ ഒരാളായിരുന്നു ശുഭാൻശു. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്.  തൻ്റെ ദൗത്യത്തിലൂടെ മുഴുവൻ യുവതലമുറയെയും പ്രചോദിപ്പിക്കുക എന്ന വലിയൊരു ഉത്തരവാദിത്തം കൂടിയുണ്ടെന്നും, ഒരു ബില്യൺ ഹൃദയങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പേറിയാണ് പോകാൻ തയ്യാറെടുക്കുന്നതെന്നും  ശുഭാൻശു ശുക്ല പറഞ്ഞു. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെൻ്ററില്‍ നിന്ന് സ്‌പേസ് എക്‌സിൻ്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് യാത്ര. സാങ്കേതിക തകരാറും മോശം കാലാവസ്ഥയും മൂലം നേരത്തെയും മൂന്നുതവണ ആക്സിയം 4 വിക്ഷേപണം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ജൂൺ 19ന് വിക്ഷേപണം തീരുമാനിച്ചത്. ഈ തീയതി മാറ്റിയാണ് പുതിയ പ്രഖ്യാപനം. ഇത് അഞ്ചാം തവണയാണ് വിക്ഷേപണം മാറ്റുന്നത്. കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് നിരന്തരം യാത്രയ്ക്ക് തടസമായത്. ഇതെല്ലാം പരിഹരിക്കപ്പെട്ടതായി ആക്സിയം സ്പേസ് നേരത്തെ പറഞ്ഞിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നാസയ്ക്ക് കൂടുതല്‍ സമയം നല്‍കുന്നതിൻ്റെ ഭാഗമായാണ് ദൗത്യം നീട്ടുന്നതെന്ന് ആക്‌സിയം സ്പേസ് അറിയിച്ചു