ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ

By: 600110 On: Jun 18, 2025, 1:41 PM

 

ഇടവേളയ്ക്ക് ശേഷം ഇന്ത്യ - കാനഡ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്.  ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കും.
ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസ്സുകൾക്കും മറ്റും നയതന്ത്ര സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

ജനാധിപത്യത്തിലും, സ്വാതന്ത്ര്യത്തിലും, നിയമവാഴ്ചയിലുമുള്ള ഉറച്ച വിശ്വാസത്താൽ ഇന്ത്യയും കാനഡയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നും പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഇന്ത്യ-കാനഡ ബന്ധം വളരെ പ്രധാനമാണെന്നും ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പരസ്പര ബഹുമാനം, പരമാധികാരത്തോടുള്ള പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായിരിക്കും കാനഡ - ഇന്ത്യ ബന്ധമെന്ന് ചർച്ചകൾക്ക് പിന്നാലെ കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു. മോദിയെ ജി 7 ഉച്ചകോടിയിലേക്ക് ക്ഷണിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുവെന്ന് കാർണി പറഞ്ഞു. താങ്കളുടെ രാജ്യത്തിൻ്റെയും നേതൃത്വത്തിൻ്റെയും, നമ്മൾ ഒരുമിച്ച് പരിഹരിക്കാൻ ആഗ്രഹിക്കുന്ന പ്രശ്നങ്ങളുടെ പ്രാധാന്യത്തിൻ്റെയും തെളിവാണ് ഇതെന്നും കാർണി മോദിയോട് പറഞ്ഞു.കനേഡിയൻ പി എം ഒ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇന്ത്യയുമായി സാമ്പത്തിക സഹകരണം, വ്യാപാരം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായതായി അറിയിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തിയത്