മുഖം മൂടി ധരിച്ചെത്തിയ സംഘം ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡിന്റെ എറ്റോബിക്കോക്കിലുള്ള വീട്ടില്‍ നിന്നും വാഹനം മോഷ്ടിക്കാന്‍ ശ്രമിച്ചു. പ്രതികള്‍ പിടിയിലായതായി പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് മോഷണ ശ്രമമുണ്ടായതെന്ന് ഫോര്‍ഡ് പറഞ്ഞു. ലോറന്‍സ് അവന്യു വെസ്റ്റ്, റോയല്‍ യോര്‍ക്ക് റോഡ് ഏരിയയില്‍ മുഖംമൂടി ധരിച്ചവര്‍ കാര്‍ ഡ്രൈവ്‌വേയില്‍ നിന്ന് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ വാഹന മോഷണം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി.
ടൊറന്റോ സ്വദേശികളായ 23 വയസ്സുള്ള രണ്ട് പേര്‍, 16 വയസ്സുകാരന്‍, 17 വയസ്സുകാരന്‍ എന്നിങ്ങനെ നാല് പേരെയാണ് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് അറസ്റ്റ് ചെയ്തത്.