വീണ്ടും ഇറാനെതിരെ ഇസ്രയേലിൻ്റെ ഭീഷണി; 'സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവർക്ക് സദ്ദാം ഹുസൈനെ പോലെ അവസാനിക്കും'

By: 600007 On: Jun 17, 2025, 5:28 PM

 

ടെൽ അവീവ്: ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈൻ്റെ പാത പിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈൻ്റെ വിധിയെന്നാണ് ഭീഷണി. ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ ലക്ഷ്യമിട്ടുള്ളതാണ് ഈ ഭീഷണിയെന്നാണ് വിലയിരുത്തൽ.

അതിനിടെ ഇറാൻ - ഇസ്രയേൽ യുദ്ധത്തിൽ കടുത്ത ആശങ്കയെന്ന് ചൈന പ്രതികരിച്ചു. വിഷയത്തിൽ ആദ്യമായാണ് ചൈനയുടെ പ്രതികരണം. ഏതൊരു രാജ്യത്തിന്റെയും സുരക്ഷയും, പരമാധികാരവും ഹനിക്കുന്ന നടപടികൾ ചൈന ശക്തമായി എതിർക്കുന്നുവെന്ന് ഷി ജിൻ പിംഗ് പറഞ്ഞു. 

രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സൈനിക നടപടികളല്ല മാർഗമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റ് മേഖലയിലെ സംഘർഷം അന്താരാഷ്ട്ര പൊതു താല്പര്യങ്ങൾക്ക് എതിരാണ്. മേഖലയിലെ സ്ഥിതി ഉടൻ ശാന്തമാക്കണം. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ എല്ലാ കക്ഷികളുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന സന്നദ്ധമാണെന്നും ഷി ജിൻ പിംഗ് കസാഖ്‌സ്ഥാനിൽ ഒരു യോഗത്തിൽ പറഞ്ഞു.