അത്ഭുതമായി വിമാനത്തിലെ 11 A സീറ്റ് നമ്പര്‍; രണ്ട് വിമാന അപകടങ്ങളില്‍ രക്ഷപ്പെട്ടവര്‍ ഇരുന്ന സീറ്റ്; സുരക്ഷിതമോ ഈ സീറ്റ്? 

By: 600002 On: Jun 17, 2025, 11:05 AM

 


രണ്ട് വിമാനദുരന്തങ്ങള്‍. രണ്ട് അപകടങ്ങളിലും അത്ഭുതകരമായി രക്ഷപ്പെട്ട രണ്ട് പേര്‍ ഇരുന്നത് 11A എന്ന നമ്പറുള്ള സീറ്റില്‍. അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ രക്ഷപ്പെട്ട ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാര്‍ രമേഷ് 11A സീറ്റിലെ യാത്രക്കാരനായിരുന്നു. ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ 242 പേരുണ്ടായിരുന്ന വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെട്ട ഏകവ്യക്തിയും വിശ്വാസ് കുമാറായിരുന്നു. വിശ്വാസിന്റെ അവിശ്വസനീയമായ രക്ഷപ്പെടല്‍ തായ് നടനും ഗായകനുമായ റുവാങ്‌സാക് ലൊയ്ചുസാകിനെ 27 കൊല്ലം പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

1998 ഡിസംബര്‍ 11 ന് തായ് എയര്‍വെയ്‌സിന്റെ ടിജി 261 വിമാനം അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷപ്പെട്ടയാളായിരുന്നു റുവാങ്‌സാക്. വിശ്വാസിന്റെ കഥ കേട്ടപ്പോള്‍ തനിക്ക് അതിശമായി. അപകടത്തില്‍പ്പെടുമ്പോള്‍ താനിരുന്ന സീറ്റും 11  A ആയിരുന്നുവെന്ന് റുവാങ്‌സാക് പറഞ്ഞു. അന്ന് 20 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. തന്റെയും വിശ്വാസ് കുമാറിന്റെയും സീറ്റ് നമ്പറുകളിലെ സാമ്യത കണ്ട് അമ്പരന്നുപോയെന്ന് റുവാങ്‌സാക് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. അന്ന് താന്‍ അപകടത്തില്‍ രക്ഷപ്പെട്ടപ്പോള്‍ അതേ സീറ്റ് നമ്പറിലിരുന്ന വിശ്വാസ് കുമാറും രക്ഷപ്പെട്ടുവെന്ന് റുവാങ്‌സാക് കുറിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വൈറലായി. പലരും കമന്റുകളിട്ടു. 11A  സീറ്റിന് എന്തോ പ്രത്യേകതയുണ്ടെന്ന തരത്തിലുള്ള കമന്റുകള്‍ വന്നു. വളരെ സുരക്ഷിതമായ സീറ്റാണെന്ന തരത്തിലുള്ള പ്രചാരണവും ആരംഭിച്ചു. 

എന്നാല്‍ ഈ സീറ്റിന് അത്ര പ്രാധാന്യമൊന്നുമില്ലെന്നും മറ്റ് സീറ്റുകള്‍ പോലെ മാത്രമാണെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഓരോ അപകടവും വ്യത്യസ്തമാണ്. സീറ്റിന്റെ സ്ഥാനം അടിസ്ഥാനമാക്കി അതിജീവനം പ്രവചിക്കുക അസാധ്യമാണെന്ന് യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ളൈറ്റ് സേഫ്റ്റി ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ മിച്ചല്‍ ഫോക്‌സ് പറഞ്ഞു. കൂടാതെ, വിമാനത്തിന്റെ കോണ്‍ഫിഗറേഷന്‍ അനുസരിച്ച് വ്യത്യസ്ത വിമാനങ്ങളില്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് സീറ്റ് 11A സ്ഥിതി ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. 

വിശ്വാസ് കുമാറിന്റെ കാര്യത്തില്‍, 787-8 ഡ്രീംലൈനറിലെ 11A സീറ്റ് ഇക്കണോമി ക്ലാസിലെ ആദ്യ നിരയായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിന് തൊട്ടുപിന്നിലായിരുന്നു ഇത്. എന്നാല്‍ ഒരു എയര്‍ബസ് A310 വിമാനത്തില്‍, സീറ്റ് ഗുരു വെബ്സൈറ്റിലെ ഫോട്ടോകളും ലോയ്ചുസാക് ഫേസ്ബുക്കില്‍ പങ്കിട്ട സീറ്റിംഗ് ചാര്‍ട്ടിന്റെ ഗ്രാഫിക്കും അനുസരിച്ച്, 11A എമര്‍ജന്‍സി എക്‌സിറ്റിന് ഏതാനും വരികള്‍ മുന്നിലാണ്.