രാത്രിയില്‍ വീട്ടുടമസ്ഥര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വീടുകളില്‍ അതിക്രമിച്ച് കയറി മോഷണം നടത്തുന്നത് വര്‍ധിക്കുന്നതായി കാല്‍ഗറി പോലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 30 ലധികം പേരുടെ വീടുകള്‍ കൊള്ളയടിക്കപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. രാത്രി 11 മണിക്കും
രാവിലെ 7 മണിക്കും ഇടയിലാണ് മോഷണങ്ങള്‍ നടന്നിരിക്കുന്നതെന്ന് പോലീസ് പറയുന്നു.
പല സന്ദര്‍ഭങ്ങളിലും പൂട്ടിയിട്ടില്ലാത്ത ജനാലകളുടെ സ്‌ക്രീനുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ വീടുകളില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ചിലപ്പോള്‍ വാതിലുകള്‍ പൂട്ടിയിട്ടുണ്ടാകില്ല. ഇതും കള്ളന്മാര്‍ക്ക് അകത്ത് പ്രവേശിക്കാന്‍ എളുപ്പമാക്കുന്നുവെന്ന് പോലീസ് പറഞ്ഞു. വീടുകളില്‍ കയറുന്ന മോഷ്ടാക്കള്‍ വാഹനങ്ങളുടെ താക്കോല്‍ മോഷ്ടിച്ച് വാഹനവുമായി കടന്നുകളയുന്നു. ഇത്തരം മോഷണങ്ങളുമായി ബന്ധപ്പെട്ട് 20 ലധികം വാഹന മോഷണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
വീടുകളില്‍ നിന്ന് പഴ്‌സുകള്‍, വാലറ്റുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടാക്കള്‍ കൊള്ളയടിച്ചിട്ടുണ്ട്.
മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മോഷണങ്ങളില്‍ നിന്നും എങ്ങനെ രക്ഷപ്പെടാമെന്നും വീട് എങ്ങനെ സുരക്ഷിതമാക്കാമെന്നും അറിയാന്‍ കാല്‍ഗറി പോലീസിന്റെ വെബ്‌പേജ് സന്ദര്‍ശിക്കുക.