ജി7 ഉച്ചകോടി: കാല്‍ഗറിയില്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധ റാലി; നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് ഖലിസ്ഥാന്‍ അനുകൂലികള്‍ 

By: 600002 On: Jun 17, 2025, 9:18 AM

 


കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധവുമായി ഖലിസ്ഥാന്‍ അനുകൂലികള്‍. തിങ്കളാഴ്ച കാല്‍ഗറിയില്‍ നൂറുകകണക്കിന് സിഖുകാര്‍ ഖലിസ്ഥാനി പതാകകളേന്തിയും പോസ്റ്ററുകള്‍ ഉയര്‍ത്തിയും മോദിക്കെതിരെ മുദ്രാവാക്യം വിളിച്ച് നിരത്തില്‍ പ്രതിഷേധ റാലി നടത്തി. 

ജി7 രാജ്യങ്ങളില്‍ ഇന്ത്യ അംഗമല്ലെങ്കിലും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മോദിയെ ഉച്ചകോടിയിലേക്ക് അതിഥിയായി ക്ഷണിച്ചത് മുതല്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. മോദിയുടെ ജി7 പങ്കാളിത്തത്തിലും കാര്‍ണിയുടെ ക്ഷണത്തിലും പ്രതിഷേധിച്ച് ശനിയാഴ്ച പാര്‍ലമെന്റ് ഹില്ലില്‍ നൂറുകണക്കിന് സിഖുകാര്‍ ഒത്തുകൂടിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച വൈകിട്ട് മോദി കാനഡയിലെത്തി. 

മോദി സര്‍ക്കാരിന്റെ കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശാനുള്ള അവസരം കൂടിയാണ് കാനഡയിലേക്കുള്ള മോദിയുടെ വരവെന്ന് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് അഡ്വക്കസി ഗ്രൂപ്പ് സഹസ്ഥാപകന്‍ ബക്ഷിഷ് സിംഗ് സന്ധു പറഞ്ഞു. കൂടാതെ, പഞ്ചാബിനെ മോചിപ്പിക്കാന്‍ ഖലിസ്ഥാന്‍ റഫറണ്ടം നടത്താന്‍ മോദിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തങ്ങള്‍ ജി7 നേതാക്കളോട് ആവശ്യപ്പെടുന്നുവെന്നും സന്ധു പറഞ്ഞു. അങ്ങനെ ജി7 രാജ്യങ്ങളിലെ പൈരന്മാര്‍ക്ക് ലഭിക്കുന്ന തുല്യമായ അവകാശങ്ങള്‍ പഞ്ചാബിലെ ജനങ്ങള്‍ക്കും ലഭിക്കുമെന്ന് സന്ധു കൂട്ടിച്ചേര്‍ത്തു.