സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി ടെലി കമ്മ്യൂണിക്കേഷന്‍ രംഗം കയ്യടക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ബിസിനസ് മറ്റൊരു മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ട്രംപിന്‍റെ വ്യവസായ ഗ്രൂപ്പ് പുതിയ ചുവടു വെപ്പ് നടത്തുന്നത്. ട്രംപ് ജൂനിയറും എറിക് ട്രംപും ചേര്‍ന്നാണ് 'ട്രംപ് മൊബൈല്‍' എന്ന പുതിയ സംരംഭം പുറത്തിറക്കിയത്. ഇതോടെ ട്രംപിൻ്റെ സ്ഥാപനം വ്യാപാര രംഗത്ത് മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് നടത്തിയിരിക്കുന്നത്.
ഓഗസ്റ്റില്‍ പുറത്തിറക്കുന്ന T1 മൊബൈല്‍ യുഎസില്‍ തന്നെ രൂപകല്‍പന ചെയ്ത് നിര്‍മിച്ചതാണ്. ട്രംപ് ഓര്‍ഗനൈസേഷന്‍റെ ലോഗോയും യുഎസ് പതാകയും ആലേഖനം ചെയ്തതാണ് ഫോണിന്‍റെ പിന്‍ഭാഗം. ട്രംപിന്‍റെ നാല്‍പത്തിയേഴാമത് പ്ലാന്‍ എന്നാണ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വര്‍ണ നിറത്തിലുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണിന് 499 ഡോളര്‍ വില വരും. ഇന്ത്യൻ രൂപ അനുസരിച്ച് ഏകദേശം 42000 ത്തിന് മുകളിൽ. വിദേശ നിര്‍മാതാക്കള്‍ കൈയ്യടിക്കിയിരിക്കുന്ന അമേരിക്കന്‍ വിപണിയില്‍ ആഭ്യന്തര നിര്‍മിത ഉൽപ്പന്നങ്ങൾ തേടുന്ന ഉപഭോക്താക്കളെയാണ് ലക്ഷ്യമിട്ടാണ് ട്രംപ് മൊബൈല്‍ എത്തുന്നത് . മികച്ച വാഗ്ദാനങ്ങളാണ് ട്രംപ് മൊബൈൽ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. നൂറിലധികം രാജ്യങ്ങളിലേക്ക് പരിധിയില്ലാത്ത ടെക്സ്റ്റ് മെസേജുകള്‍, സൗജന്യ അന്താരാഷ്ട്ര കോളിംഗുകള്‍ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ആഭ്യന്തരമായി ഫോണ്‍ നിര്‍മിക്കാത്തതിന് നിര്‍മാതാക്കള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, ഒരു മാസത്തിനുള്ളിൽ ട്രംപ് ഫോണ്‍ പുറത്തിറക്കിയത് ഏവരിലും അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.