കാനഡയും യു എസും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും

By: 600110 On: Jun 17, 2025, 8:58 AM

 

കാനഡയും യു എസും തമ്മിലുള്ള വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും.  ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്  വ്യാപാര കരാറിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതായും അടുത്ത മാസത്തിനുള്ളിൽ ഒരു കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര ചർച്ചകൾ വേഗത്തിലാക്കേണ്ടതുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

30 ദിവസത്തിനുള്ളിൽ വ്യാപാര കരാറിലെത്താൻ കാർണിയും ട്രംപും സമയപരിധി നിശ്ചയിച്ചതായാണ് റിപ്പോർട്ടുകൾ. ഉഭയകക്ഷി വ്യാപാര പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും താരിഫ് സംബന്ധിച്ച് ഒരു കരാറിൽ എത്തുന്നതിനും ഇരുനേതാക്കൾക്കും ഈ ദിവസങ്ങൾക്കുള്ളിൽ സാധിക്കുമെന്നാണ് സൂചന. കാനഡയുമായി  എന്തെങ്കിലും ഒത്തുതീർപ്പ് ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് പറയുന്നു. ഇരുവശങ്ങളിലെയും സമ്പദ്‌വ്യവസ്ഥകളെ പ്രതികൂലമായി ബാധിച്ച മാസങ്ങൾ നീണ്ട വ്യാപാര യുദ്ധം അവസാനിപ്പിക്കാനുള്ളൊരു കരാറിലെത്താൻ ഇരുപക്ഷവും കൃത്യമായ സമയപരിധി നിശ്ചയിക്കുന്നത് ഇതാദ്യമാണ്. വരുന്ന 30 ദിവസത്തിനുള്ളിൽ ഒരു കരാറിനായുള്ള ചർച്ചകൾ തുടരാൻ ഞങ്ങൾ സമ്മതിച്ചുവെന്ന്  കാർണി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. ഈ ഉച്ചകോടിയിലും വരും ആഴ്ചകളിലും ഈ പ്രവർത്തനം തുടരുമെന്നും കാർണി പറയുന്നു.