ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എത്തിയത് കനേഡിയൻ പതാകയുള്ള ലാപ്പൽ പിൻ ധരിച്ച്. സ്യൂട്ടിൻ്റെ ഇടതുവശത്തായാണ് ട്രംപ് കനേഡിയൻ പതാകയുള്ള പിൻ അണിഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൻ്റെ സൂചനയായിരിക്കാം ലാപ്പൽ പിൻ. രണ്ട് ലാപ്പൽ പിന്നുകളാണ് ട്രംപ് ധരിച്ചത്. ആദ്യത്തേത്, അമേരിക്കൻ പതാകയുടെ ഒരു ചെറിയ പിൻ. അതിനടിയിൽ, കനേഡിയൻ, അമേരിക്കൻ പതാകകളുള്ള മറ്റൊരു പിന്നും. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി നേരത്തെ നടത്തിയ ഉഭയകക്ഷി കൂടിക്കാഴ്ചയിലും ഈ പിന്നുകൾ ഉണ്ടായിരുന്നു.
നേരത്തെ, ട്രംപും കാർണിയും തമ്മിൽ ഒരുമിച്ച് മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനിടെ കാർണിയെ പ്രശംസിക്കുകയും ചെയ്തു. അതേ സമയം ട്രംപും കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും തമ്മിലുള്ള ബന്ധം പലപ്പോഴും വഷളായിരുന്നു. ഇപ്പോൾ ട്രംപ് ധരിച്ച ലാപൽ പിൻ ഒരുപക്ഷേ ഇരു രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിൻ്റെ സൂചനയായിരിക്കാമെന്നും, അല്ലെങ്കിൽ, കാനഡയും യുഎസും ഒരുമിച്ച് ഒരു രാജ്യമെന്ന നിലയിൽ മികച്ചതായിരിക്കുമെന്ന ട്രംപിൻ്റെ വിശ്വാസത്തിൻ്റെ സൂചനയായിരിക്കാം ഇതെന്നുമാണ് പൊതുവെയുള്ള വിലയിരുത്തൽ.