ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ' കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് 'മാർക്കോ'യുടെ ഇന്‍റർനാഷണൽ പ്രീമിയർ. മലയാളത്തിന് ലോകസിനിമയ്ക്ക് മുന്നിലേക്ക് അഭിമാനത്തോടെ പ്രദർശിപ്പിക്കാവുന്ന സിനിമയൊരുക്കിയിരിക്കുകയാണ് ആദ്യ നിർമ്മാണ സംരംഭത്തിലൂടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്. സംവിധാന മികവിലൂടെ മലയാള സിനിമയെ ഒരുപാട് ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി.
തിയേറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒടിടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സോഫീസ് കളക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തിയിരുന്നത്. സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയേറ്റർ റിലീസിന് ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ 'മാർക്കോ'യ്ക്ക് ബോളിവുഡ് ചിത്രങ്ങളായ അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.