വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ 2000 ഡോളർ നഷ്ടമായതായി നോവ സ്കോഷ്യ സ്വദേശി

By: 600110 On: Jun 16, 2025, 4:19 PM

 

എയർ കാനഡയിൽ ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ ഉണ്ടായ മോശം അനുഭവം പങ്കു വെച്ച് നോവ സ്കോഷ്യ സ്വദേശി. ഒക്ടോബർ 22-ന് എയർ കാനഡ വെബ്‌സൈറ്റ് വഴി ഫ്ലെറ്റ് ബുക്ക് ചെയ്ത റിച്ചാർഡ്‌സൺ എന്നയാളാണ് അനുഭവം പങ്കു വെച്ചത്. 2000 ഡോളറാണ് അദ്ദേഹത്തിന് തട്ടിപ്പിലൂടെ നഷ്ടമായത്.

ബുക്കിംഗിനിടെ  ഓൺലൈനായി സീറ്റ് തിരഞ്ഞെടുക്കുന്നതിൽ പ്രശ്‌നമുണ്ടെന്ന് കാട്ടി  അദ്ദേഹം സഹായത്തിനായി എയർലൈനിനെ വിളിച്ചു. ഓൺ ലൈനിൽ കണ്ട എയർ കാനഡയുടെ  1-833 ൽ തുടങ്ങുന്ന ഒരു നമ്പറിലാണ് ബന്ധപ്പെട്ടതെന്നും  ഒരു പ്രതിനിധിയോട് സംസാരിച്ചെന്നും റിച്ചാർഡ്‌സൺ പറയുന്നു.  ബുക്കിംഗിനെക്കുറിച്ചുള്ള വിവരങ്ങളും സീറ്റുകൾ റിസർവ് ചെയ്യുന്നതിനുള്ള ക്രെഡിറ്റ് കാർഡ് വിവരങ്ങളും പങ്കുവെച്ചപ്പോൾ റിച്ചാർഡ്‌സൺ  എയർലൈൻ അധികൃതരുമായി സംസാരിക്കുകയാണെന്നാണ് വിശ്വസിച്ചത്.  ക്രെഡിറ്റ് കാർഡിൽ നിന്ന് 2000 ഡോളറിൽ കൂടുതൽ പോവുകയും ചെയ്തു. എന്നാൽ പിന്നീട് ടിക്കറ്റ് റദ്ദാക്കിയതായി അദ്ദേഹത്തിന് മെസ്സേജ് ലഭിച്ചു. പരാതിപ്പെടാൻ ആ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോൾ, ലൈൻ തിരക്കിലാണെന്ന് കണ്ടതായും റിച്ചാർഡ്സൺ പറയുന്നു. അതേ സമയം  സിബിസി ന്യൂസിന് നൽകിയ പ്രസ്താവനയിൽ, ആ നമ്പർ തങ്ങളുടേതല്ലെന്ന് എയർ കാനഡ അറിയിച്ചു.