ഇന്ത്യയിൽ നിന്ന് സ്മാർട്ട് ഫോൺ കയറ്റുമതി തുടങ്ങി ചൈനീസ് കമ്പനികൾ. പശ്ചിമേഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിർമ്മിച്ച ഫോണുകൾ കയറ്റുമതി ചെയ്യുന്നത്. നേരത്തെ ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ മാത്രമാണ് ചൈനീസ് കമ്പനികൾ ഫോണുകൾ നിർമ്മിച്ചിരുന്നത്.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയിലൂടെ 2024 സാമ്പത്തിക വർഷം ഒപ്പൊ മൊബൈൽസ് ഇന്ത്യ 272 കോടി രൂപയുടെ വിറ്റുവരവും റിയൽമി മൊബൈൽ ടെലി കമ്മ്യൂണിക്കേഷൻസ് 114 കോടിയും നേടി. ഇന്ത്യയിൽ നിർമ്മാണ കേന്ദ്രങ്ങൾ ഉള്ള ചൈനീസ് കമ്പനികൾ നേരത്തെ ആഭ്യന്തര വിപണിയിലേക്കുള്ള ഉല്പന്നങ്ങൾ മാത്രമാണ് നിർമ്മിച്ചിരുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വിദേശ വിപണികൾ കൂടി ലക്ഷ്യമിടുന്നത് പുതിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യൻ കമ്പനികളുമായി സഹകരിച്ച് ഉൽപ്പാദനം പ്രാദേശികവൽക്കരിക്കുന്നതിനൊപ്പം, മുതിർന്ന മാനേജ്‌മെൻ്റുകളിലും ബോർഡുകളിലും ഇന്ത്യക്കാരെ നിയമിക്കുന്നതിനും ചൈനീസ് കമ്പനികൾ ഇപ്പോൾ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു ചൈനീസ് സ്ഥാപനവും ഇതുവരെ ഇന്ത്യൻ പൗരന്മാരെ മാനേജിംഗ് ഡയറക്ടർമാരായോ ചീഫ് എക്സിക്യൂട്ടീവുകളോ ആയി നിയമിച്ചിട്ടില്ല.
ടെലിവിഷൻ ഹോം അപ്ലയൻസ് നിർമ്മാതാക്കളായ ഹൈസെൻസ് ഗ്രൂപ്പി, ലെനോവോ തുടങ്ങിയ കമ്പനികളും ഇന്ത്യയിൽ നിന്ന് കയറ്റുമതി തുടങ്ങാൻ ലക്ഷ്യമിടുന്നുണ്ട്. ഇത്തരം കയറ്റുമതി സംരംഭങ്ങളിൽ ചിലതിന് ഇന്ത്യൻ സർക്കാരിൻ്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ പിന്തുണയും ലഭിക്കുന്നുണ്ട്. മിക്ക ചൈനീസ് ബ്രാൻഡുകളും പിഎൽഐയുടെ ഭാഗമല്ലെങ്കിലും, അവരുടെ ചില കരാർ നിർമ്മാതാക്കളായ ഡിക്സൺ പോലുള്ള കമ്പനികൾ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.