അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കാനഡ. രാജ്യം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കായിക മാമാങ്കമാണ് നടക്കുന്നത്. ടൊറന്റോയും വാന്‍കുവറും ലോകകപ്പ് വേദിയാവുകയാണ്. 13 ഓളം മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മത്സരം കാണാന്‍ ലക്ഷകണക്കിന് ആളുകളാണ് കനേഡിയന്‍ നഗരങ്ങളിലേക്ക് ഒഴുകിയെത്തുക. 48 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവടങ്ങളിലെ ആതിഥേയ നഗരങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വൊളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രക്രിയ ഫിഫ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗികമായി അപേക്ഷ സമര്‍പ്പിക്കാന്‍ ആരംഭിച്ചിട്ടില്ല. വൊളന്റിയര്‍മാരെ നിയമിക്കുന്നതായി ഫിഫ സ്ഥിരീകരിച്ചിട്ടുണ്ട്.
താല്‍പ്പര്യമുള്ളവര്‍ക്ക് ഫിഫ വെബ്‌സൈറ്റിലെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനും ബേസിക് കോണ്‍ടാക്റ്റ് ഇന്‍ഫര്‍മേഷന്‍ ഫോം പൂരിപ്പിക്കുകയും ചെയ്യാം. ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങും. വോളന്റിയര്‍ റിക്രൂട്ട്‌മെന്റ് ഇവന്റുകള്‍ ഈ ഫാള്‍ സീസണില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പൂര്‍ണ ഓഫറുകള്‍ ലഭ്യമാകും.
ഇതിലൂടെ തെരഞ്ഞെടുക്കുന്ന വൊളന്റിയര്‍മാര്‍ക്ക് സ്പ്രിംഗ് സീസണില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പരിശീലനം നല്‍കുമെന്ന് ഫിഫ വെബ്‌സൈറ്റില്‍ പറയുന്നു. നിലവില്‍ 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് വൊളന്റിയര്‍ തസ്തികകയിലേക്ക് അപേക്ഷിക്കാം. എങ്കിലും 17 വയസ്സും 11 മാസവും പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാമെന്ന് അധികൃതര്‍ പറയുന്നു. അപേക്ഷ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ഫിഫ വൊളന്റിയര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സന്ദര്‍ശിക്കാം. 2026 ജൂണ്‍ 11 മുതല്‍ ജൂലൈ 13 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്.