വാന്‍കുവറില്‍ വീടുകളില്‍ അതിക്രമിച്ച് കയറി മോഷണം; പ്രതിക്കായി തിരച്ചില്‍; ജാഗ്രത പാലിക്കണമെന്ന് പോലീസ് 

By: 600002 On: Jun 16, 2025, 9:07 AM

 


നിരവധി മോഷണക്കേസുകളില്‍ പ്രതിയായി ഒളിവില്‍ പോയയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് വാന്‍കുവര്‍ പോലീസ്. നഗരത്തിന്റൈ വെസ്റ്റ് സൈഡിലാണ് മോഷണങ്ങള്‍ നടന്നിട്ടുള്ളത്. അതിക്രമിച്ച് വീടുകളില്‍ കയറി മോഷണം നടത്തിയ പ്രതി ഒളിവിലായതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും വീടുകള്‍ സുരക്ഷിതമാക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. പുറത്തുപോകുമ്പോള്‍ വീടുകളുടെ വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും വിപിഡി മുന്നറിയിപ്പ് നല്‍കി. 

ജനുവരി മുതല്‍ 16 ഓളം മോഷണങ്ങളാണ് ഇയാള്‍ നടത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ പ്രതി 30 വയസ് തോന്നിക്കുന്ന ഏഷ്യന്‍ വംശജനായ യുവാവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. ഓക്ക് സ്ട്രീറ്റിനും എല്‍മെം സ്ട്രീറ്റിനും ഇടയിലാണ് എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത്. 

രാത്രി വൈകിയോ അതിരാവിലെയോയാണ് വീടുകളില്‍ കയറി മോഷണം നടത്തുന്നത്. പലപ്പോഴും വീട്ടുകാര്‍ വീടുകളിലുണ്ടാകും. വീടുകളില്‍ തുറസ്സായ സ്ഥലത്ത് വെച്ചിരിക്കുന്ന പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ആണ് ഇയാള്‍ മോഷ്ടിക്കുന്നത്. ലക്ഷ്യമിടുന്ന പ്രദേശങ്ങളിലേക്ക് കാല്‍നടയായാണ് ഇയാള്‍ സഞ്ചരിച്ചിരുന്നത്. മോഷണ സമയത്ത് പ്രതി നീല കയ്യുറകളും മാസ്‌കും ധരിച്ചിരുന്നു. ഇരുണ്ട ബേസ്‌ബോള്‍ തൊപ്പി, ഇരുണ്ട ഹുഡഡ് ജാക്കറ്റ്, പാന്റ്‌സ്, റണ്ണിംഗ് ഷൂസ് എന്നിവയും പ്രതി ധരിച്ചിരുന്നു. 

അതിക്രമിച്ച് വീടുകളില്‍ മോഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ 911 ല്‍ വിളിച്ച് അറിയിക്കുകയോ അല്ലെങ്കില്‍ 604-717-0610 എന്ന നമ്പറില്‍ പോലീസിനെ വിവരമറിയിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ പറഞ്ഞു.