ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ഇറാനില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കിയിട്ടുള്ളതായി സ്ഥിരീകരിച്ച് ഇലോണ്‍ മസ്ക്. സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിച്ച പശ്ചാത്തലത്തില്‍ ഇറാന്‍ ഭരണകൂടം രാജ്യത്തെ പരമ്പരാഗത ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മസ്കിന്‍റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ഇറാനില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനമുള്ളപ്പോള്‍ ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് ലഭ്യമാക്കിയ മസ്കിന്‍റെ തീരുമാനം രാഷ്ട്രീയ വിവാദമാകാന്‍ സാധ്യതയുണ്ട്.
ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക താവളങ്ങളും ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിയന്ത്രണം വന്നിരുന്നു. ‘രാജ്യത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു’- എന്നായിരുന്നു വെള്ളിയാഴ്ച ഇറാന്‍ കമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന്‍റെ അറിയിപ്പ്. രാജ്യം സാധാരണ നിലയിലാവുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും ഇറാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ ഇന്‍റര്‍നെറ്റ് സംവിധാനം അടഞ്ഞ ഇറാന്‍ ജനതയ്ക്ക് ഉപഗ്രഹ ബ്രോഡ്‌ബാന്‍ഡ് നെറ്റ്‌വര്‍ക്ക് ലഭ്യമാണെന്ന് നാലേ നാല് വാക്കുകളിലൂടെയായിരുന്നു ഇലോണ്‍ മസ്കിന്‍റെ പ്രഖ്യാപനം. 'ദി ബീംസ് ആര്‍ ഓണ്‍'- എന്നാണ് എക്‌സില്‍ ഒരു ട്വീറ്റിന് മറുപടിയായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് കമ്പനിയുടെ സിഇഒയായ മസ്ക് കുറിച്ചത്.