ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി ആള്‍മാറാട്ടം നടത്തി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 120 ലധികം സൗജന്യ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത ഫ്‌ളോറിഡ സ്വദേശിയ്‌ക്കെതിരെ കുറ്റം ചുമത്തി. 35 വയസ്സുള്ള ടിറോണ്‍ അലക്‌സാണ്ടര്‍ എന്ന യുവാവാണ് ആള്‍മാറാട്ടം നടത്തി തട്ടിപ്പ് നടത്തിയത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ഫ്‌ളോറിഡ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോര്‍ണി ഓഫീസ് കണ്ടെത്തി. പ്രതിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തുകയും ചെയ്തു.
ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അതീവ സുരക്ഷാ മേഖലയില്‍ അനധികൃതമായി പ്രവേശിക്കുകയും ഫ്‌ളൈറ്റ് അറ്റന്‍ഡന്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുകയും ചെയ്തതായി ഫെഡറല്‍ ജഡ്ജി പറഞ്ഞു. കോടതി രേഖകളും വിചാരണയില്‍ ഹാജരാക്കിയ തെളിവുകളും അനുസരിച്ച്, 2018 മുതല്‍ 2024 വരെയുള്ള കാലയളവില്‍ അലക്‌സാണ്ടര്‍ എയര്‍ലൈന്‍ കാരിയറിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് സൗജന്യ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്തു. മറ്റ് എയര്‍ലൈനുകളില്‍ ജോലി ചെയ്തിരുന്ന പൈലറ്റുമാര്‍ക്കും അറ്റന്‍ഡന്റുമാര്‍ക്കും മാത്രമാണ് ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.
മറ്റ് എയര്‍ലൈനുകളില്‍ ജോലി ചെയ്യുന്ന ഫ്‌ളൈറ്റ് അറ്റന്‍ഡന്റായി വേഷമിട്ട്, പണം നല്‍കാതെ അലക്‌സാണ്ടര്‍ 34 വിമാനങ്ങളില്‍ സൗജന്യമായി യാത്ര ചെയ്തതായി രേഖകളില്‍ പറയുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് എന്നിവയിലെ അറ്റന്‍ഡന്റായിരുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യാത്ര.
കുറ്റപത്രം അനുസരിച്ച്, തട്ടിപ്പിന് പരമാവധി ശിക്ഷ 20 വര്‍ഷം തടവാണ്. കൂടാതെ, വിമാനത്താവളത്തിന്റെ സുരക്ഷിതമായ പ്രദേശങ്ങളില്‍ പ്രവേശിച്ചതിന് 10 വര്‍ഷം തടവും ഇയാള്‍ക്ക് ലഭിക്കും. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ നിലവില്‍ കേസ് അന്വേഷിക്കുകയാണ്. ഓഗസ്റ്റ് 25 ന് യുഎസ് ജില്ലാ ജഡ്ജി ജാക്വലിന്‍ ബെസെറ അലക്‌സാണ്ടറിന് ശിക്ഷ വിധിക്കും.