ഫെഡറൽ സർക്കാർ വാഗ്ദാനം ചെയ്ത "കാനഡ സ്ട്രോങ് പാസിൻ്റെ" വിശദാംശങ്ങൾ അടുത്ത ആഴ്ച പ്രഖ്യാപിക്കും. ടൂറിസവുമായി ബന്ധപ്പെട്ട പുതിയ സംരംഭം, ഈ മാസം അവസാനം പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനേഡിയൻ പൌരന്മാർക്ക് ടൂറിസത്തെ പിന്തുണയ്ക്കാനും, കനേഡിയൻ അഭിമാനം പ്രകടിപ്പിക്കാനും സാധിക്കുന്നതായിരിക്കും കാനഡ സ്ട്രോങ് പാസ്, എന്ന് ടൂറിസം സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെച്ചി വാൽഡെസ് ഒരു പ്രസ്താവനയിൽ പറഞ്ഞു. ജൂൺ 20 മുതൽ ഓഗസ്റ്റ് അവസാനം വരെ പാസ് ലഭ്യമാകുമെന്ന് ലിബറൽ ഗവൺമെൻ്റ് വക്താവ് ദി കനേഡിയൻ പ്രസ്സിനോട് പറഞ്ഞു.
18 വയസ്സിന് താഴെയുള്ള യുവാക്കൾക്ക് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുമ്പോൾ,വിയ റെയിലിൽ, സൗജന്യ സീറ്റുകൾ നൽകുന്നതും കാനഡയിലെ ദേശീയ ഗാലറികളിലേക്കും മ്യൂസിയങ്ങളിലേക്കും സൗജന്യ പ്രവേശനം നൽകുന്നതുമായ ഒരു സിംഗിൾ പാസ് അവതരിപ്പിക്കുമെന്ന്, ഫെഡറൽ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത്, പ്രധാനമന്ത്രി മാർക്ക് കാർണി, വാഗ്ദാനം ചെയ്തിരുന്നു. യുഎസിൽ നിന്നുള്ള ഭീഷണികൾ നേരിടുന്നതിനായി, കനേഡിയൻ പൌരന്മാരെ ഒന്നിപ്പിക്കാനുള്ളൊരു മാർഗമായാണ് കാർണി ഈ ആശയം മുന്നോട്ടു വച്ചത്. ജൂൺ മുതൽ ഓഗസ്റ്റ് വരെ എല്ലാ കനേഡിയൻ പൌരന്മാർക്കും ദേശീയ പാർക്കുകളിൽ ക്യാമ്പ് ചെയ്യുന്നതിനായി കുറഞ്ഞ നിരക്കിൽ സർക്കാർ അവസരമൊരുക്കുന്നും കാർണി വ്യക്തമാക്കിയിരുന്നു. ഈ വാഗ്ദാനങ്ങളെല്ലാം "കാനഡ സ്ട്രോങ് പാസ്" വഴി ഉറപ്പാക്കപ്പെടുമെന്ന് സർക്കാർ വക്താവ് പറഞ്ഞു.