ട്രാവൽ ബുക്കിംഗ് സൈറ്റ് ആയ എക്സ്പീഡിയയുമായി നിയമപോരാട്ടം നടത്തിയ യുവാവിന് അനുകൂലമായി ട്രൈബ്യൂണൽ വിധി. 21 ദിവസത്തിനുള്ളിൽ, എക്സ്പീഡിയ, ഉപഭോക്താവിന് $4,937.69 നൽകണമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. ഇതിൽ എക്സ്പീഡിയ യുവാവിൽ നിന്ന് അധികമായി ഈടാക്കിയ തുകയും ട്രൈബ്യൂണൽ ഫീസും ഉൾപ്പെടുന്നു.
എക്സ്പീഡിയ വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ അമിത നിരക്ക് ഈടാക്കി എന്നായിരുന്നു വാൻകൂവർ സ്വദേശിയുടെ പരാതി. രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തപ്പോൾ സൈറ്റിൽ കാണിച്ചത് $3,977.72 ആയിരുന്നു. എന്നാൽ പിന്നീട് ബില്ല് വന്നപ്പോൾ അധിക തുക ഈടാക്കിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. ആകെ $8,308.52. കമ്പനി ഈടാക്കുകയും ചെയ്തു. സൈറ്റിൽ കാണിച്ച തുകയിൽ നിന്ന് $4,330.80 ആണ് അധികമായി ഈടാക്കിയത്. ടിക്കറ്റ് കാൻസൽ ചെയ്യാതെ യാത്ര പൂർത്തിയാക്കിയതിന് പിന്നാലെ യുവാവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ആവശ്യമായ രേഖകൾ ഹാജരാക്കിയതിന് പിന്നാലെയാണ് ട്രൈബ്യൂണലിൽ നിന്നും അനുകൂല വിധി ഉണ്ടായത്.