ആല്‍ബെര്‍ട്ടയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബാന്‍ഫില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്ന പ്രവേശന കവാടത്തിലെ ബാന്‍ഫ് സൈന്‍ ബോര്‍ഡ് താല്‍ക്കാലികമായി നീക്കം ചെയ്യുകയാണെന്ന് ബാന്‍ഫ് സിറ്റി അറിയിച്ചു. കനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അനധികൃത പാര്‍ക്കിംഗ്, ഗതാഗതകുരുക്ക്, മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നത് ഒഴിവാക്കാനാണ് സൈന്‍ ബോര്‍ഡ് താല്‍ക്കാലികമായി നീക്കുന്നതെന്ന് അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.
വെള്ളിയാഴ്ച ജീവനക്കാര്‍ സൈന്‍ ബോര്‍ഡ് നീക്കം ചെയ്യുകയും ജൂണ്‍ 17 ചൊവ്വാഴ്ച ജി7 ഉച്ചകോടി അവസാനിച്ചതിന് ശേഷം തിരികെ സ്ഥാപിക്കുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മൗണ്ട് നോര്‍ക്വായി റോഡിലെ ഫെന്‍ലാന്‍ഡ്‌സ് ബാന്‍ഫ് റിക്രിയേഷന്‍ സെന്ററിന് എതിര്‍വശത്താണ് നിലവില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ സന്ദര്‍ശിക്കാനെത്തുന്നവര്‍ സൈന്‍ ബോര്‍ഡിനു മുന്നില്‍ നിന്നും ഫോട്ടോ എടുക്കാറുണ്ട്. എന്നാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഈ പ്രദേശം അടച്ചിടുമെന്നും സിറ്റി കുറിച്ചു.
2017 ല്‍ സ്ഥാപിച്ച സൈന്‍ബോര്‍ഡ് ഫാള്‍ സീസണോടെ ബാന്‍ഫ് ട്രെയിന്‍ സ്റ്റേഷന്‍ പാര്‍ക്കിംഗ് ലോട്ടിന്റെ പ്രവേശന കവാടത്തിനടുത്തുള്ള സ്ഥലത്തേക്ക് സ്ഥിരമായി മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിറ്റി അറിയിച്ചു.