ട്രംപിനെ തോല്‍പിച്ച ആപ്പിളിന്‍റെ ബുദ്ധിപരമായ നീക്കം; ഫോക്സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച 97 ശതമാനം ഐഫോണുകളും പോയത് യുഎസിലേക്ക്

By: 600007 On: Jun 14, 2025, 7:48 AM

 

 

ദില്ലി: ഈ വര്‍ഷം മാര്‍ച്ച് മാസം മുതല്‍ മെയ് വരെ ഫോക്‌സ്‌കോണ്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഭൂരിഭാഗം ഐഫോണുകളും കയറ്റുമതി ചെയ്തത് അമേരിക്കയിലേക്ക്. ട്രംപിന്‍റെ താരിഫ് പ്രതിസന്ധി മറികടക്കാന്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യയുടെ 97 ശതമാനം ഐഫോണുകളും ആപ്പിള്‍ യുഎസിലേക്ക് കൊണ്ടുവരികയായിരുന്നു എന്നാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ട്.

ചൈനീസ് നിര്‍മ്മിത ഉല്‍പന്നങ്ങള്‍ക്ക് കുത്തനെ ഇറക്കുമതി തീരുവ കൂട്ടുമെന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഖ്യാപനം ആപ്പിളിനെ ഉലച്ചിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഇന്ത്യയെ ആപ്പിള്‍ കൂടുതലായി ആശ്രയിക്കുകയായിരുന്നു. ഇക്കാലയളവില്‍ ഫോക്‌സ്‌കോണ്‍ ഇന്ത്യ, ഇന്ത്യയില്‍ നിര്‍മ്മിച്ച ആകെ ഐഫോണുകളുടെ 97 ശതമാനവും യുഎസിലേക്ക് കയറ്റുമതി ചെയ്തു എന്നാണ് കസ്റ്റംസ് ഡാറ്റകള്‍ അധികരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2024ല്‍ അമേരിക്കയിലേക്ക് ഇന്ത്യയിലാകെ നിര്‍മ്മിത ഐഫോണുകളുടെ കയറ്റുമതി ശരാശരി 50 ശതമാനമായിരുന്ന സ്ഥാനത്താണ് താരിഫ് പ്രതിസന്ധിയെ തുടര്‍ന്ന് കയറ്റുമതി 97 ശതമാനത്തിലേക്ക് ആപ്പിള്‍ ഉയര്‍ത്തിയത്. മുമ്പ് യുഎസിന് പുറമെ നെതര്‍ലന്‍ഡ്‌സിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും യുകെയിലേക്കും ഫോക്സ്‌കോണ്‍ ഇന്ത്യ ഐഫോണുകള്‍ കയറ്റുമതി ചെയ്തിരുന്നു.

2025 മാര്‍ച്ച്-മെയ് കാലയളവില്‍ 3.2 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകളാണ് ഫോക്സ്‌കോണ്‍ ഇന്ത്യ യുഎസിലേക്ക് അയച്ചത്. മെയ് മാസം മാത്രം ഒരു ബില്യണ്‍ ഡോളര്‍ വില വരുന്ന ഐഫോണുകള്‍ അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. മാര്‍ച്ച് മാസം 1.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ യുഎസിലേക്ക് അയച്ചതാണ് സര്‍വ്വകാല റെക്കോര്‍ഡ്. 2024-ലാകെ 3.7 ബില്യണ്‍ ഡോളര്‍ വില വരുന്ന ഐഫോണുകള്‍ ഫോക്സ്‌കോണ്‍ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത സ്ഥാനത്ത് 2025-ന്‍റെ ആദ്യ അഞ്ച് മാസം കൊണ്ടുതന്നെ 4.4 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റുമതി ചെയ്യാന്‍ കമ്പനിക്കായി