ആശങ്കയില്ല, ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു,61-ാം ദിവസമായി, ഇപ്പോഴും വൈകിയിട്ടില്ല'; ഡോണൾഡ് ട്രംപ്

By: 600007 On: Jun 14, 2025, 4:46 AM

 

 

വാഷിംഗ്ടൺ: ഇറാനിൽ ഇസ്രയേലിന്റെ കനത്ത മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരിച്ച് അമേരിക്കൻ പ്രസി‍‍ഡന്റ് ഡോണൾഡ് ട്രംപ്. പ്രാദേശികമായി യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പ്രതികരിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഇറാന് നയതന്ത്രത്തിനും സംഭാഷണങ്ങൾക്കും മതിയായ സമയം നൽകി ഇസ്രായേലി ആക്രമണം വൈകിപ്പിക്കാൻ താൻ ആദ്യം ശ്രമിച്ചിരുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ടെഹ്റാന് 60 ദിവസത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ഇന്ന് 61-ാം ദിവസമായിരുന്നു. എന്നാലും ഇറാനുമായുള്ള ആണവ ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. 

ഞായറാഴ്ച ഒമാനിൽ നടക്കാനിരിക്കുന്ന ചർച്ചകൾ നേരത്തെ പ്ലാൻ ചെയ്തതു പോലെ മുന്നോട്ട് പോകും. എന്നാൽ ഇറാൻ- ഇസ്രയേൽ യുദ്ധ പശ്ചാത്തലത്തിൽ ഇറാൻ പങ്കെടുക്കുമോയെന്ന കാര്യം സംശയമാണ്. ജൂൺ 15 ന് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇറാനിയൻ പ്രതിനിധി സംഘത്തെ സന്ദർശിക്കാനായി പോകുന്നുവെന്നും ട്രംപ് കൂട്ടിച്ചേ‍‌ർത്തു.